മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി

വാഹനങ്ങളിൽ നിന്ന് റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. പിടിയിലാകുന്നവർ പാത വൃത്തിയാക്കുകയോ 1,000 ദിർഹം വരെ പിഴയടയ്ക്കുകയോ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരക്കാരെ പിടികൂടാൻ നിരീക്ഷണം കർശനമാക്കി.
ഓടുന്ന വാഹനങ്ങളിൽ നിന്നു സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്നത് ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ നടപടി. യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കിൽ ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിക്കും. ലൈസൻസിൽ 6 ബ്ലാക് പോയിന്റ് പതിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
വാഹനങ്ങളിൽ നിന്ന് മാലിന്യം പുറത്തെറിയുന്ന വിഡിയോ സഹിതം പങ്കുവച്ചാണ് പൊലീസ് താക്കീത് നൽകിയിരിക്കുന്നത്. ഇത്തരം കേസുകളിലായി 2019 ൽ 355 പേരെ പിടികൂടിയിരുന്നതായി ഗതാഗത വകുപ്പ് മേധാവി അറിയിച്ചു. മാലിന്യം നിക്ഷേപിക്കാൻ വിവിധയിടങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Story Highlights: fine for throwing waste in abudhabi roads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here