“2022 കഴിഞ്ഞിട്ടില്ലല്ലോ, പ്രതീക്ഷയുണ്ട്’; ‘ധാക്കഡി’ന്റെ പരാജയത്തിൽ പ്രതികരിച്ച് കങ്കണ

2022ൽ പ്രതീക്ഷയുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുൻ വർഷങ്ങളിൽ ഇറങ്ങിയ മണികർണികയും തലൈവിയും സൂപ്പർ ഹിറ്റുകളായിരുന്നു എന്ന് കങ്കണ പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ധാക്കഡ്’ ബോക്സോഫീസിൽ തകർന്നടിഞ്ഞതിനു പിന്നാലെയാണ് താരം ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.
‘2019ൽ എനിക്ക് ‘മണികർണിക’ ഉണ്ടായിരുന്നു. 160 കോടി രൂപ നേടിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു അത്. 2020 കൊവിഡ് വർഷമായിരുന്നു. 2021ൽ എൻ്റെ കരിയറിലെ ഏറ്റവും വലിയ സിനിമ, തലൈവി ലഭിച്ചു. ഒടിടിയിൽ ഇറങ്ങിയ സിനിമ വമ്പൻ വിജയമായിരുന്നു. 2022ൽ ഞാൻ കുറേ നെഗറ്റിവിറ്റി കാണുന്നു. പക്ഷേ, 2022 ബ്ലോക്ക്‌ബസ്റ്ററായ ‘ലോക്കപ്പിൻ്റെ’ (റിയാലിറ്റി ഷോ) വർഷമായിരുന്നു. വർഷം അവസാനിച്ചിട്ടില്ല. എനിക്ക് നല്ല പ്രതീക്ഷയുണ്ട്.’- കങ്കണ കുറിച്ചു.

കങ്കണ റണാവത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു ധാക്കഡ്. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണ്. വെറും 4420 രൂപയാണ് എട്ടാം ദിനം ചിത്രത്തിനു ലഭിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ പെട്ട ചിത്രം 10 കോടി രൂപ പോലും ഇതുവരെ നേടിയിട്ടില്ല.
മെയ് 20നാണ് 80 കോടി രൂപ മുടക്കി നിർമിച്ച ധാക്കഡ് റിലീസ് ചെയ്തത്. ചിത്രം വെറും മൂന്നരക്കോടി രൂപ മാത്രമേ സിനിമ നേടിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. റസ്‌നീഷ് റാസി സംവിധാനം ചെയ്ത സ്‌പൈ ത്രില്ലറാണ് ധാക്കഡ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ചിത്രത്തിൽ ഏജന്റ് അഗ്‌നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.
Story Highlights: Kangana Ranaut Dhaakad Instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here