പട്ടികജാതി സ്കോളർഷിപ്പ്: സ്വാശ്രയ മാനേജ്മെന്റുകളുമായി മന്ത്രി കെ രാധാകൃഷ്ണന്റെ ചർച്ച

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിഷയങ്ങൾ സംബന്ധിച്ച് സ്വാശ്രയ മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി കെ രാധാകൃഷ്ണൻ ചർച്ച നടത്തി. സ്വാശ്രയ സ്ഥാപനങ്ങൾ എസ് സി വിദ്യാർത്ഥികളിൽ നിന്നും അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഫീസ് ആവശ്യപ്പെടുന്നത് വിദ്യാർത്ഥികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. സ്കോളർഷിപ്പ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്നാണ് അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഫീസ് ആവശ്യപ്പെട്ടത്.
മുൻ കാലങ്ങളിൽ പട്ടികജാതി വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, അക്കാഡമിക് അലവൻസ്, ഹോസ്റ്റൽ ഫീസ് തുടങ്ങിയവ ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. എന്നാൽ 2021-22 അധ്യയന വർഷം മുതൽ ഈ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനാണ് കേന്ദ്ര സർക്കാർ നിർദേശം. മാത്രമല്ല 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകേണ്ടെന്നും കേന്ദ്രം നിർദേശിച്ചു.
Read Also: പട്ടികജാതി അതിക്രമ കേസുകൾക്ക് പ്രത്യേകം കോടതി; മന്ത്രിസഭാ തീരുമാനങ്ങള്‍
ഈ സാഹചര്യത്തിൽ 2022 ജനുവരി മുതൽ കേന്ദ്രം നിഷ്കർഷിച്ച രീതിയിൽ സംസ്ഥാനവും സ്കോളർഷിപ്പ് നൽകുകയായിരുന്നു. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് തുടങ്ങിയവ സംസ്ഥാനം നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് കേന്ദ്രം നൽകുന്നത്. ഈ വ്യത്യാസം വരുന്ന അധിക തുകയും 2.5 ലക്ഷം രൂപയ്ക്ക് മേൽ വരുമാനമുള്ളവർക്കുള്ള സഹായവും അധിക ബാധ്യതയായി ഏറ്റെടുത്താണ് സംസ്ഥാനം സ്കോളർഷിപ്പ് നൽകുന്നത്.
ഈ സാമ്പത്തിക വർഷം പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിനായി 330 കോടി രൂപ വകയിരുത്തിയതായി മന്ത്രി കെ രാധാകൃഷ്ണൻ യോഗത്തിൽ വ്യക്തമാക്കി. പ്രവേശനത്തിനായി എത്തുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ഒരു രീതിയിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് സ്വാശ്രയ മാനേജ്മെന്റുകളോട് മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം കൂടി മനസ്സിലാക്കി മാനേജ്മെന്റുകൾ പ്രവർത്തിക്കണമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ പഠനത്തിനായി സർക്കാരുമായി പൂർണമായും സഹകരിക്കുമെന്ന് സാശ്രയ സ്ഥാപന പ്രതിനിധികൾ അറിയിച്ചു.
Story Highlights: SC Scholarship: Minister K Radhakrishnan’s discussion with self financing managements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here