രാജ്യസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനിൽ മൂന്ന് സീറ്റിൽ കോൺഗ്രസിന് ജയം, ഒരു സീറ്റിൽ ബിജെപി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ മൂന്ന് സീറ്റിൽ കോൺഗ്രസ് വിജയിച്ചു. ഒരു സീറ്റ് ബി ജെ പിക്ക് ലഭിച്ചു. മുകുൾ വാസ്‌നിക്, രൺദീപ് സിംഗ് സുർ ജേവാല, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു.
കർണാടകയിൽ നിന്ന് നിർമ്മലാ സീതാരാമനും , കോൺഗ്രസ് സ്ഥാനാർത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറൻഷ്യൽ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. നിർമ്മലാ സീതാരാമൻ, നടൻ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിൽ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിർമല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു.
ഹരിയാനയിൽ ഫലപ്രഖ്യാപനം വൈകും. കോൺഗ്രസ് എംഎൽഎമാർ വോട്ട് പരസ്യമാക്കിയെന്ന ബിജെപിയുടെ പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് വൈകുന്നത്. ഇവിടെ കോൺഗ്രസ് പ്രതിനിധികളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബിജെപിയുടെ പരാതി തള്ളിയ വരണാധികാരിയുടെ റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും വോട്ടെണ്ണൽ വൈകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വന്ന ശേഷം മാത്രമേ വോട്ടെണ്ണൽ ആരംഭിക്കൂ. ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകൾ അസാധുവായി കണക്കാക്കണമെന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഇത്. കർണാടകയിൽ ജെഡിഎസ് എംഎൽഎ എച്ച്ഡി ദേവണ്ണ വോട്ട് പരസ്യപ്പെടുത്തിയെന്ന പരാതി വരണാധികാരി തള്ളിയതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ എംഎൽഎമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ജെഡിഎസ്
നാല് സംസ്ഥാനങ്ങളിലായി 16 സീറ്റുകളിലേക്കാണ് ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെ
രാജ്യസഭ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ഫലമാകും വരിക. പരാജയ ഭീതിയിലാണ് ബി ജെ പി വോട്ടെണ്ണൽ തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Story Highlights: Congress bags 3 Rajya Sabha seats in Rajasthan, BJP manages 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here