കൂളിമാട് പാലം തകർച്ച; വിജിലൻസ് റിപ്പോർട്ട് മടക്കി മന്ത്രി മുഹമ്മദ് റിയാസ്

കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്ന സംഭവത്തിൽ അന്വേഷണം നടത്തി പിഡബ്ലിയുഡി വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മടക്കി അയച്ചു. റിപ്പോർട്ടിൽ അവ്യക്തതയാണെന്നും കൂടുതൽ ക്ലാരിറ്റി വരുത്താനായാണ് റിപ്പോർട്ട് മടക്കിയതെന്നും മന്ത്രി അറിയിച്ചു. അപകട കാരണം ഹൈഡ്രോളിക് ജാക്കിന്റെ തകരാറോ മാനുഷിക പിഴവോ ആണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ ഏതാണ് കാരണമെന്ന് വ്യക്തത വരുത്തണമെന്നാണ് മന്ത്രിയുടെ കർശന നിർദേശം.
മാനുഷിക പിഴവാണെങ്കിൽ ആവശ്യത്തിനു നൈപുണ്യ തൊഴിലാളികൾ ഉണ്ടായിരുന്നോ എന്നകാര്യം പരിശോധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് തകര്‍ന്ന് പുഴയില്‍ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിര്‍മ്മാണം തടസപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നല്‍കിയാണ് നിര്‍മ്മാണം ആരംഭിച്ചത്.
പാലം തകര്‍ന്നത് സര്‍ക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്നും വീഴ്ച്ചയില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ ആരോപിച്ചിരുന്നു.
309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്. 35 മീറ്റർ നീളമുള്ള വലിയ മൂന്നു ബീമുകളിൽ ഒന്ന് പൂർണമായും രണ്ടെണ്ണം ഭാഗികമായും പുഴയിൽ പതിച്ചു. ഒരാൾക്കു പരുക്കേറ്റു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ.
Story Highlights: Koolimad bridge collapses; Minister Muhammed Riyaz returns vigilance report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here