Advertisement

സാമൂഹ്യപ്രവര്‍ത്തകയ്ക്കുനേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം; ഡ്രൈവര്‍ പ്രതിയെ സഹായിച്ചെന്നും ആരോപണം

June 11, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരത്ത് സാമൂഹ്യപ്രവര്‍ത്തകയ്ക്കുനേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമമെന്ന് പരാതി. യാത്ര ചെയ്യുന്നതിനിടെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന സഹയാത്രികന്‍ തന്നെ കടന്നുപിടിച്ചെന്നാണ് സാമൂഹ്യപ്രവര്‍ത്തകയുടെ പരാതി. താന്‍ അതിക്രമം നേരിട്ടിട്ടും മറ്റ് യാത്രക്കാര്‍ തനിക്കൊപ്പം നിന്നില്ലെന്നും ഡ്രൈവര്‍ ഉള്‍പ്പെടെ പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നും സാമൂഹിക പ്രവര്‍ത്തക ആരോപിക്കുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ ഡ്രൈവര്‍ വേഗത കുറച്ചു. ഓടി രക്ഷപ്പെടാനൊരുങ്ങിയ യുവാവിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കണ്ടക്ടറെ സഹായിക്കാന്‍ പോലും ആരും തയാറായില്ലെന്നും സാമൂഹിക പ്രവര്‍ത്തക പറഞ്ഞു. (sexual assault against social activist ksrtc bus)

ഫേസ്ബുക്കിലൂടെയാണ് തനിക്ക് ബസില്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തക തുറന്നുപറഞ്ഞത്. തന്നെ സഹായിക്കാത്ത ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള നെറികെട്ട മനുഷ്യരെയോര്‍ത്താണ് തനിക്ക് വേദന തോന്നുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇവര്‍ പറയുന്നു. താന്‍ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും പ്രതിക്കായി പൊലീസ് അന്വേഷിച്ചുവരികയാണെന്നും ഇവര്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക പ്രവര്‍ത്തക വിവരിക്കുന്നത് ഇങ്ങനെ:

ഇത്രയേറെ ദേഷ്യവും സങ്കടവും ജീവിതത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് കുറേ ഓര്‍ത്തു നോക്കി ചുറ്റുമുള്ള മനുഷ്യരെ ഇത്രയേറെ വെറുത്ത് പോയിട്ടുണ്ടോ എന്നോര്‍ത്തു നോക്കി … മനുഷ്യരെ കുറിച്ചുള്ള പ്രതീക്ഷകളാണ് തകര്‍ന്നു പോയത് …

തിരുവനന്തപുരം പ്രസ് ക്ലബിലൊരു പരിപാടി കഴിഞ്ഞിട്ട് നെയ്യാറ്റിന്‍കരയിലേക്ക് ബസ് കയറിയതാണ് ഞാന്‍.. രണ്ട് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാനും മറ്റൊരു സ്ത്രീയും … പള്ളിച്ചലോ മറ്റോ എത്തിയപ്പോഴാണ് അടുത്തിരുന്ന സ്ത്രീയിറങ്ങി.. ആ സീറ്റില്‍ മറ്റൊരു പുരുഷന്‍ വന്നിരുന്നു … ഇരുന്ന് മിനിറ്റുകള്‍ക്കകം അയാള്‍ എന്നെ ബലമായി കയറിപ്പിടിച്ചു … അലറി വിളിച്ചു കൊണ്ട് ഞാന്‍ എണീറ്റതും അയാളുടെ ചെകിട് നോക്കി പൊട്ടിച്ചതും ഒരുമിച്ചായിരുന്നു …അയാള്‍ പെട്ടെന്ന് ബസിന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു … കണ്ടക്ടര്‍ അയാളെ തടഞ്ഞു വച്ചു തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ ബാലരാമപുരമാണ് കണ്ടക്ടറോട് പോലീസ് സ്റ്റേഷന്‍ പടിക്കല്‍ ബസ് നിര്‍ത്തണം എന്ന് ഞാനാവശ്യപ്പെട്ടു…. ഇതിനിടയില്‍ ഞാന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തു .. മുടവൂര്‍പാറയ്ക്കും ബാലരാമപുരത്തിനും മദ്ധ്യേ വച്ച് അയാള്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടാനൊരുങ്ങുമ്പോള്‍ ഡ്രൈവര്‍ അയാള്‍ക്ക് വണ്ടി സ്ലോ ചെയ്തു കൊടുത്തു… അയാള്‍ സുന്ദരമായി രക്ഷപ്പെട്ടു …

എന്റെ വേദനത്രയും കെഎല്‍15 8789 എന്ന ആ ബസിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ആ ബസില്‍ സഞ്ചരിച്ചിരുന്ന നെറികെട്ട മനുഷ്യരെ കുറിച്ചോര്‍ത്താണ് തടഞ്ഞു വച്ച ആ കണ്ടക്ടറെ സഹായിക്കാന്‍ ആ ബസില്‍ യാത്ര ചെയ്തിരുന്ന ഒരാളെങ്കിലും തയ്യാറായിരുന്നെങ്കില്‍ അയാള്‍ രക്ഷപ്പെടില്ലായിരുന്നു .. ആ കണ്ടക്ടര്‍ ആരെങ്കിലും ഒന്നിവനെ പിടിക്കൂ എന്ന് പറഞ്ഞിട്ടും ഒരൊറ്റയെണ്ണം അനങ്ങിയില്ല…
ഇത്ര നിസഹായതയും അരക്ഷിതാവസ്ഥയും ഇതിന് മുന്‍പ് എപ്പോഴെങ്കിലും അനുഭവിച്ചതായി ഓര്‍മ്മയിലില്ല ആക്രമിച്ചവന്‍ രക്ഷപ്പെട്ടിരിക്കുന്നു എന്നതിനപ്പുറം ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന കുറേ മനുഷ്യര്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കി എന്നത് എനിക്ക് തീരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല …
മാസ്‌ക്കിട്ടിരുന്ന മുഖം കയ്യില്‍ കുറേ ചുവന്ന നൂലുകള്‍ നെറ്റിയില്‍ കുങ്കുമക്കുറി കടും നീല ഷര്‍ട്ട് ആ ക്രിമിനലിനെ കുറിച്ച് ഇത്രയും ഓര്‍മ്മയിലുണ്ട് …
വിളിച്ചതും വിളിക്കുന്നതുമായ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ആ ബസിലുണ്ടായിരുന്ന പ്രതികരണ ശേഷിയോ മനുഷ്യത്വമോ ഇല്ലാത്ത മനുഷ്യരെ കുറിച്ചോര്‍ത്ത് അലറിക്കരയാനല്ലാതെ വേറൊന്നും പറയാനില്ല ….
ഈ മാനസികാവസ്ഥയെ അതിജീവിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ….
കൂടെ നില്‍ക്കുന്നവരോട് സ്‌നേഹം

Story Highlights: sexual assault against social activist ksrtc bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement