Advertisement

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ തുടരുന്നു; ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും

June 12, 2022
Google News 2 minutes Read

സ്വർണ്ണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ മുഖ്യമന്ത്രി മലപ്പുറത്തും കോഴിക്കോടും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടി നടക്കുന്ന സ്ഥലങ്ങളിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.(pinarayai vijayan visit malapuram and calicut)

കനത്ത പൊലീസ് സുരക്ഷയിൽ മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്തേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയിലേക്ക് ഒൻപത് മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

തവനൂരിലെ പരിപാടിയിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, കെടി ജലീൽ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളിൽ പങ്കെടുക്കും

കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികൾ കഴിഞ്ഞ് ഇന്നലെ തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി പൊലീസ് സേന. പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പൊലീസുകാരുടെ വലയത്തിൽ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇന്നലെ മുഖ്യമന്ത്രിക്കുണ്ടായത്. കോട്ടയത്തു പ്രധാന കവലകളിൽ എല്ലാം ഗതാഗതം തടഞ്ഞ പോലീസ്, കേരള സർക്കാരിന്റെ ഒന്നാം നമ്പർ കാറിന് വഴിയൊരുക്കി. കൊച്ചിയിൽ കറുത്ത ചുരിദാർ ധരിച്ച ട്രാൻസ്‌ജെന്ഡറുകളെ പൊലീസ് തടഞ്ഞു. പ്രതിഷേധിച്ചപ്പോൾ വലിച്ചിഴച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയി.

ഇന്നലെ രാത്രി മുഖ്യമന്ത്രി എത്തിയത് മുതൽ പൊലീസ് വലയത്തിലായിരുന്നു കോട്ടയം ജില്ലയിലെ നാട്ടകത്തെ സർക്കാർ അതിഥി മന്ദിരം. സിപിഎം നേതാക്കൾക്കും മാത്രമായിരുന്നു പിന്നീട് പ്രവേശനം. രാവിലെ അതിഥി മന്ദിരത്തിനു മുന്നിലെത്തിയ മാധ്യമ പ്രവർത്തകരിൽ ചിലരോട് കറുത്ത മാസ്ക് പോലും മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. നാട്ടകത്തു നിന്ന് നഗരമധ്യത്തിലെ മാമൻ മാപ്പിളള ഹാളിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്ന വഴിയിൽ ഓരോ ഇരുപത് മീറ്റർ ഇടവിട്ടും പൊലീസുകാർ നിലയുറപ്പിച്ചു.

കോട്ടയത്ത് നിന്ന് മടങ്ങും വഴി നാഗമ്പടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്തിയ കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിയിൽ ആയിരുന്നു മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത മാസ്ക് ധരിച്ചെത്തിയ ചില മാധ്യമ പ്രവർത്തകരോട് അത് നീക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. പകരം നീല മാസ്ക് സംഘാടകർ തന്നെ നൽകി.

Story Highlights: pinarayai vijayan visit malapuram and calicut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here