Advertisement

പൊടിയരിക്കഞ്ഞി കച്ചവടത്തിൽ നിന്ന് അബ്കാരിയിലേക്ക്, നയനാർ സർക്കാരിനെ വിറപ്പിച്ച കല്ലുവാതുക്കൽ; മണിച്ചൻ ജയിൽ മോചിതനാകുമ്പോൾ

June 13, 2022
Google News 3 minutes Read
Manichan life story

2000 ഒക്ടോബർ 21 കല്ലാവാതുക്കലിനെ അക്ഷരാർത്ഥത്തിൽ ഒരു ശവപറമ്പാക്കിയ കറുത്ത ദിനം. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. റോഡിന്റെ പലഭാ​ഗങ്ങളിലായി കുഴഞ്ഞു വീഴുന്നവർ. ആരെ രക്ഷിക്കണം എങ്ങനെ രക്ഷിക്കണമെന്നറിയാതെ പ്രിയപ്പെട്ടവർ പോലും പകച്ചു പോയ നിമിഷം. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ 31 പേരുടെ ജീവിനെടുത്തു വിഷമദ്യം. ചിലർക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സംസ്ഥാന സർക്കാർ സർക്കാർ പോലും വിഷമദ്യത്തിന്റെ ലഹരിയിൽ ആടിയുലഞ്ഞു. അന്നുമിന്നും ഇടതു സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായി കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടതുമുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു ( Manichan life story ).

ആഭ്യന്തര വകുപ്പും എക്സൈസും പരാജയപ്പെട്ടപ്പോൾ നായനാർ സർക്കാരിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായി കല്ലുവാതുക്കൽ വിഷമദ്യദുരന്തം. 31 പേർ മരിച്ച സംഭവത്തിലെ മാസപ്പടി കണക്കുകൾ കൂടി പുറത്ത് വന്നതോടെ മദ്യ രാഷ്ട്രീ മാഫിയകൾ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി.

Read Also: കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

ചിറയിൻകീഴ്, വാമനപുരം, വർക്കല റെയ്ഞ്ചുകൾ നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രനെന്ന മണിച്ചനും ഭരണകക്ഷി ഉന്നതതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നു. കള്ളഷാപ്പിന്റെ മറവിൽ നടന്ന വ്യാജ വാറ്റിനും മദ്യ കച്ചവടത്തിന് രാഷ്ട്രീയ- ഉദ്യോഗസ്ഥ ഒത്താശയുണ്ടായിരുന്നുവെന്ന് ക്രൈം ബ്ര‍ാഞ്ച് ഐജി സിബി മത്യൂസ് കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ ഓരോ കണ്ടെത്തലും സർക്കാരിന് വൻ തിരിച്ചടിയായി. മാസപ്പടി ഡയറി പിടിച്ചു. മണിച്ചൻ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ശേഖരവും കണ്ടെത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയും, എംഎൽഎയും സിപിഐ എംഎൽഎയും ഉൾപ്പെടെ ഉന്നത നിരതന്നെ ഉണ്ടായിരുന്നു മാസപ്പടി ലിസ്റ്റിൽ, മണിച്ചൻ എന്ന അബ്കാരി തഴച്ച് വളർന്നത് സർക്കാർ തണലിലായിരുന്നു എന്ന് സത്യം പുറത്തായി.

മണിച്ചൻ താമസിച്ചിരുന്ന വീട്.

പൊടിയരി കഞ്ഞി കച്ചവടക്കാരനിൽ നിന്നും തലസ്ഥാനത്തെ നിയന്ത്രിച്ച അബ്കാരിയായി കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു മണിച്ചന്റെ വളർച്ച. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചന്റെ തുടക്കം. പിന്നീട് വ്യാജ വാറ്റായി. ഒരിക്കൽ മണിച്ചൻ എക്സൈസിന്റെ പിടിയിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയിട്ടും വാറ്റ് തുടർന്നു. ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി മണിച്ചൻ നല്ല ബന്ധമുണ്ടാക്കി. ആന്റണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ കള്ള് ഷാപ്പ് ലേലത്തിലേക്ക് മണിച്ചൻ നീങ്ങി. സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റെയ്ഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റെയ്ഞ്ചുകളും മണിച്ചന്റെ കൈപ്പിടിയിലായി. കള്ളുഷാപ്പുകൾ വഴി വ്യാജ മദ്യം വിറ്റു. പൊലീസും എക്സൈസും മണിച്ചനെതിരെ അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരൻമാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി. തിരുവനന്തപുരം റെയ്ഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഒളിവിൽ പോയ മണിച്ചൻ ശത്രുക്കൾക്കെതിരെ ഗൂഢാലോചന ആരോപിച്ചു.

പിന്നാലെ മണിച്ചനെ പൊലീസ് പിടികൂടി. മണിച്ചന്റെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമെല്ലാം കല്ലുവാതുക്കൽ കേസിൽ പ്രതിയായി. മണിച്ചന്റെ സാമ്രാജ്യം തകർന്നു. മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകളുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് അന്വേഷണ സംഘം കണ്ടെത്തി. 2002 ജൂലൈ 16 കൊല്ലം സെഷൻസ് കോടതിയാണ് മണിച്ചനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മണിച്ചന്റെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചിരുന്നുവെങ്കിലും കൊലപാതക കുറ്റം എടുത്തുമാറ്റി. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേർക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. നായനാർ സർക്കാരിന്റെ കാലത്ത് അകത്തായ മണിച്ചൻ പിണറായി സർക്കാരിന്റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അവസാന പ്രതിയാണ് പുറത്തിറങ്ങുന്നത്.

Story Highlights: From the powder keg trade to Abkari, the stone-throwing that shook the Nayanar government; When Manichan was released from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here