Advertisement

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരന്തം; അതേ വാര്‍ഷിക ദിനത്തില്‍ മണിച്ചന് മോചനം

October 21, 2022
Google News 2 minutes Read
kalluvathukkal hooch tragedy case manichan released after 22 years

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടം. കല്ലുവാതുക്കല്‍ വ്യാജ മദ്യ ദുരന്ത കേസ്. അതേ വാര്‍ഷിക ദിനത്തിലാണ് ഇന്ന് മണിച്ചന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. 2000 ഒക്ടോബര്‍ 21നായിരുന്നു 31 പേര്‍ക്ക് ജീവന്‍ നഷ്ടമായ മദ്യദുരന്തം സംഭവിച്ചത്. മദ്യദുരന്ത കേസില്‍ ജയില്‍ മോചിതനാകുന്ന അവസാന പ്രതിയാണ് മണിച്ചന്‍.

എല്ലാ ശിക്ഷയും നടപടിക്രമങ്ങളും പൂര്‍ത്തിയായി 22 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ ആദ്യം മൗനമായിരുന്നു പ്രതികരണം. പിന്നെ കോടതിക്കും അഭിഭാഷകര്‍ക്കും നന്ദി പറഞ്ഞു, മണിച്ചന്‍. തിരുവന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്‍ പുറത്തിറങ്ങിയത്. പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടതോടെയാണ് ജയില്‍മോചനത്തിനു വഴി ഒരുങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മഞ്ഞ ഷാള്‍ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്.

അന്ന്, ദുരന്തമുണ്ടാകുമ്പോള്‍, വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷ സ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് മണിച്ചന്‍ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.

Read Also: കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്തം; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന്‍ ജയില്‍മോചിതനായി

പിഴത്തുക കെട്ടിവയ്ക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മണിച്ചന്റെ മോചന ഉത്തരവിറങ്ങിയെങ്കിലും 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന തടസ്സമായി നില്‍ക്കുന്നതു ചൂണ്ടിക്കാട്ടി ഭാര്യയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും 9 മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് മണിച്ചനെ പിഴത്തുക കെട്ടിവയ്ക്കാതെ തന്നെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ജയിലില്‍ തുടരുന്ന അവസാനത്തെ ആളായിരുന്നു മണിച്ചന്‍. മാസപ്പടി ഡയറിയടക്കം അന്ന് വലിയ രാഷ്ട്രീയ വിവാദമായതിനാല്‍ മണിച്ചന്റെ തുടര്‍പ്രതികരണങ്ങളാണ് ഇനി ശ്രദ്ധേയം.

Story Highlights: kalluvathukkal hooch tragedy case manichan released after 22 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here