Advertisement

കെപിസിസി ആസ്ഥാനം ആക്രമിച്ച സംഭവം; സംസ്ഥാന വ്യാപകമായി ഇന്ന് കോൺഗ്രസിന്റെ കരിദിനാചരണം

June 14, 2022
Google News 2 minutes Read
sudhakaran

സിപിഐഎം-ഡിവെെഎഫ്ഐ ഗുണ്ടകൾ കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കോൺഗ്രസ് ഒരിക്കലും അക്രമത്തിന് മുതിർന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറൻസി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഐഎം വ്യക്തമാക്കണം.

വിമാനത്തിൽ ആദ്യം ആക്രമണവും കൈയ്യാങ്കളിയും നടത്തിയത്എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ്. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മ‍ൃഗീയമായാണ് വിമാനത്തിനുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മദ്യപാനികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. എന്നിട്ടും കോൺഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്റെ പാത തെരഞ്ഞെടുത്തില്ല.

Read Also: വിമാനത്തിലെ പ്രതിഷേധം: അക്രമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സിപിഐഎം

ആത്മരക്ഷാർത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്. അതിൽ കോൺഗ്രസ് ലുബ്ധത കാട്ടില്ല. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സിപിഐഎം നിഷേധിക്കുകയാണ്. കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിന് നേരേയാണ് സിപിഐഎം അക്രമം അഴിച്ച് വിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സിപിഐഎം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെങ്കിൽ എൽഡിഎഫ് കൺവീനറിന്റെ മനോനിലയ്ക്ക് സാരമായ പ്രശ്നമുണ്ടെന്നും സുധാകരൻ പറഞ്ഞു.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ​ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Story Highlights: Attack on KPCC headquarters; State-wide protests by Congress today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here