അധോലോക മുഖ്യൻ രാജി വെക്കുക; സമരം തുടരുമെന്ന് ഷാഫി പറമ്പിൽ

അധോലോക മുഖ്യൻ രാജി വെക്കണം എന്ന ആവശ്യവുമായി യുഡിഎഫ് നടത്തുന്ന സമരം ശക്തമായി തുടരുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ.
സ്വർണ്ണക്കടത്തും ഡോളർകടത്തും കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് ജൂൺ 18ന് യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയത് സമാധാനപരമായ പ്രതിഷേധമാണെന്ന് വ്യക്തമാക്കി ഷാഫി പറമ്പിൽ നേരത്തേ രംഗത്തെത്തിയിരുന്നു. വിമാനത്തിൽ അക്രമം കാണിച്ചത് ഇ പി ജയരാജനാണ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള തീരുമാനം പൊലീസിന് നാണക്കേടാണ്.
എന്ത് അടിസ്ഥാനത്തിലാണ് കേരള പൊലീസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനുള്ള ഒരു നീക്കവും അവിടെ നടന്നിട്ടില്ല. അത് എല്ലാ മാധ്യമത്തിലൂടെയും നാം നേരിട്ട് കണ്ടതാണ്. പല യാത്രക്കാരുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് നേതാക്കൾ സീറ്റിന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് നിന്നപ്പോൾ ഇ പി ജയരാജൻ ദേഷ്യത്തോടെ വന്ന് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയെന്നാണ്. അവരെ തള്ളി താഴെയിട്ട ശേഷം ദൃശ്യങ്ങളിൽ കാണാത്ത ഗുരുതരമായ അതിക്രമങ്ങൾ ചെറുപ്പക്കാർക്ക് നേരെ നടന്നു എന്ന് അവരോട് സംസാരിച്ചപ്പോൾ അറിഞ്ഞു.
Read Also: രാഷ്ട്രീയ പ്രതിരോധത്തിന് എൽഡിഎഫ്; മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയായിരുന്നെന്ന് ഇ പി ജയരാജൻ
വിമാനത്തിനുള്ളിൽ അക്രമങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ പൊലീസ് കേസെടുക്കണം. ജയരാജനെതിരെ കൊലക്കേസെടുക്കണം. വിമാനത്തിൽ ഇ പി ജയരാജൻ ചെയ്‌തതും കുറ്റമാണ്. വിമാനത്തിൽ അക്രമം കാണിച്ചത് ഇ പി ജയരാജനാണ്. ജയരാജന് ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് കത്ത് നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി സമരങ്ങൾ ഇനിയും നടത്തും.
എന്നാൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണം മയപ്പെടുത്തി ഇ പി ജയരാജന്‍ രംഗത്തെത്തി. അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം. പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നുമെന്നും അദ്ദേഹം ന്യായീകരിച്ചു.
Story Highlights: strike against CM pinarayi will continue; Shafi Parampil MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here