ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…

കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘777 ചാര്‍ലി’. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രം ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന ഫീൽ ഗുഡ് സിനിമയാണ്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ 777 ചാർളി സിനിമ കണ്ട് പൊട്ടിക്കരയുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ചാർളി’ എന്ന നായക്കുട്ടി സോഷ്യൽ മീഡിയയിൽ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിലെ ചാർളിയെ കണ്ടപ്പോൾ തന്റെ മരണപ്പെട്ടുപോയ വളർത്തുനായയെ ഓർമ്മ വന്നു എന്നും അതാണ് സങ്കടത്തിന് കാരണമെന്നും കർണാടക മുഖ്യമന്ത്രി വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കായി സിനിമയുടെ പ്രത്യേക ഷോ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു.
‘‘നായകളെ കഥാപാത്രമാക്കി നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ സിനിമ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമാണെന്നും ഈ സിനിമയ്ക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട്. നായ അതിന്റെ ഓരോ വികാരങ്ങളും കണ്ണുകളിലൂടെ പ്രതിഫലിപ്പിച്ചു. വളരെ നല്ല സിനിമയാണെന്നും എല്ലാവരും ഈ ചിത്രം കാണണം.’’ മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പ്രതികരണമാണ് 777 ചാർളിയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കാണുന്നവരുടെ കണ്ണു നനയിക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ‘777 ചാർളി’. മൃഗങ്ങളെ സ്നേഹിക്കുന്നവർക്കും വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ഒരു മികച്ച അനുഭവമായിരിക്കും ഈ സിനിമ സമ്മാനിക്കുന്നത്.
Story Highlights: Karnataka CM in tears at 777 Charlie screening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here