രാഹുൽ ഗാന്ധി ഇഡി ഓഫീസിലെത്തി; ഒപ്പം സഹോദരി പ്രിയങ്കയും

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇഡി ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിട്ടുണ്ട്. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ കുത്തിയിരുപ്പ് സമരം തുടരുകയാണ്.
ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി പറഞ്ഞു.
Read Also: നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇ ഡി നോട്ടീസ്
പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകൾ കോൺഗ്രസുകാരെക്കൊണ്ട് നിറയും. എം.പിയെന്ന പരിഗണന പോലും നൽകാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നത് – ജെബി മേത്തർ എം.പി വ്യക്തമാക്കി.
ഇന്നലെ പത്തു മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കൾ ഇന്നലെയും അറസ്റ്റിലായിരുന്നു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Story Highlights: Rahul Gandhi And Priyanka gandhi arrives at ED office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here