ഓർത്തോ യൂണിറ്റ് മേധാവിയുടെ സസ്പെൻഷൻ; നാളെ ഒ.പി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ

തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ യൂണിറ്റ് മേധാവി ഡോ. പി.ജെ. ജേക്കബിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി കെജിഎംസിറ്റിഎ രംഗത്ത്. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പരിഗണിക്കാതെ തിടുക്കത്തിൽ നടപടിയെടുത്തുവെന്നാണ് ഡോക്ടർമാരുടെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മണി മുതൽ 11 വരെ ഒപി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം തിരികെ കൊണ്ട് വന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ സംഭവത്തിലാണ് തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ ലഭിച്ചത്. അസ്ഥി രോഗ വിഭാഗം യൂണിറ്റ് മൂന്നിന്റെ തലവനാണ് ഡോ. പി.ജെ ജേക്കബ്.
Read Also: സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിച്ചില്ല; കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു
കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരി സ്വദേശി യൂസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതിന് ശേഷം തിരികെ കൊണ്ടുവന്ന് പോസ്റ്റ്‌മോർട്ടം ചെയ്തത്. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു.
Story Highlights: Suspension of ortho unit head; Doctors say OP will boycott tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here