എയര്‍പോര്‍ട്ട് മാനേജര്‍ നൽകിയത് കള്ളറിപ്പോര്‍ട്ട്; ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വി.ഡി സതീശന്റെ പരാതി

മുഖ്യമന്ത്രിക്ക് എതിരായ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം വ്യക്തമാക്കി ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് അദ്ദേഹം കത്തുനൽകി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച ഇ.പി ജയരാജന്റെ പേര് പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ഏറെ ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞതും സി.പി.ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഈ സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവി വരുണ്‍ ദേവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നല്‍കിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴാണെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കിയിരുന്നു. വിമാനക്കമ്പനി പൊലീസിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ഇ പി ജയാരാജന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല.
Read Also: വിമാനത്തിനുള്ളിലെ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെതന്നെ; ഇൻഡിഗോ എയർലൈൻസിന്റെ കത്ത്
അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവനന്തപുരം ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റിയതിനാൽ മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യപേക്ഷ തള്ളിയിരുന്നു. കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി തീരുമാനമെടുത്തത്. കേസിലെ ഒന്നാം പ്രതി റൗഡി ലിസ്റ്റിൽ പെട്ടയാളാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഢാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
Story Highlights: False report by airport manager; VD Satheesan’s complaint to the head of Indigo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here