നടിയെ ആക്രമിച്ച കേസ്; കാവ്യാമാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സംവിധായകൻ ബാലചന്ദ്രകുമാർ സ്ഥിരമായി വിളിച്ച നമ്പർ സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണ സംഘം തേടി. കാവ്യാ മാധവൻ ഈ നമ്പർ ഉപയോഗിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. അകൗണ്ട് ഇടപാടുകൾ നടത്തിയത് പിതാവിന്റെ സഹായത്തോടെയാണെന്ന് നേരത്തെ കണ്ടെത്തിയിരിന്നു.
തുടരന്വേഷണത്തിന്‍റെ ഭാഗമായി നിര്‍ണ്ണായക നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തിയത്.ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ കാവ്യാ മാധവന്‍റെ അച്ഛന്‍ മാധവന്‍,അമ്മ ശ്യാമള എന്നിവരെയും ദിലീപിന്‍റെ സഹോദരി സബിതയെയും ആലുവയിലെ ദിലീപിന്‍റെ വീടായ പത്മ സരോവരത്തില്‍വെച്ചാണ് ചോദ്യം ചെയ്തത്
സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവന ദാതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ് ഈ നമ്പറിലുള്ള സിം കാർഡ് എടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണ സംഘം ശ്യാമളയില്‍ നിന്ന് വിശദീകരണം തേടിയതായാണ് വിവരം.
Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വാദം തുടരും
ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രി രജിസ്‌റ്ററിലുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈ നമ്പർ കാവ്യയുടേതാണെന്നുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കേസ് അന്വേഷണം നടക്കുന്ന കാലയളവില്‍ കാവ്യാമാധവന്‍ നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കാവ്യയുടെ അച്ഛന്‍ മാധവനില്‍ നിന്ന് ചോദിച്ചറിഞ്ഞത്.അച്ഛന്‍റെ സഹായത്തോടെയാണ് കാവ്യ ബാങ്കിടപാടുകള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
Story Highlights: Kavyamadhavan’s parents’ statement in actress assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here