Advertisement

മറ്റ് പണിയില്ലാത്തവർക്ക് കേസ് കൊടുക്കാം; വിഡി സതീശനെ പരിഹസിച്ച് ഇപി ജയരാജൻ

June 16, 2022
Google News 2 minutes Read

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇൻഡിഗോ എയർപോർട്ട് മാനേജർ റ്റി.വി വിജിത്ത് നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് നൽകിയ പരാതിക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മറ്റ് പണിയൊന്നും ഇല്ലാതെ നടക്കുന്നവർക്ക് കേസ് കൊടുക്കാമെന്നായിരുന്നു ഇപിയുടെ പ്രതികരണം. വിമാനത്തിൽനിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റതെന്നായിരുന്നു ജയരാജൻ ആദ്യം പറഞ്ഞത്. മദ്യപിച്ചു ലക്കുകെട്ട അവർക്കു നേരെ നിൽക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, അരമണിക്കൂറിനു ശേഷം നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് വെച്ച് ശ്രമിച്ചുവെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർപോർട്ട് മാനേജർ റ്റി.വി വിജിത്ത് നൽകിയ റിപ്പോർട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിക്ക് അദ്ദേഹം കത്തുംനൽകി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോർട്ട് പൊലീസിന് നൽകിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഇ.പി ജയരാജന്റെ പേര് പോലും റിപ്പോർട്ടിൽ പരാമർശിക്കാത്തത് ഏറെ ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read Also: വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ ശ്രമം: കെ.സുധാകരന്‍ എംപി

വിമാനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞതും സി.പി.ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഈ സാഹചര്യത്തിലാണ് എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിൽ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവി വരുൺ ദേവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നൽകിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴാണെന്ന് ഇൻഡിഗോ എയർലൈൻസ്
വ്യക്തമാക്കിയിരുന്നു. വിമാനക്കമ്പനി പൊലീസിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ഇ പി ജയാരാജന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവനന്തപുരം ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റിയതിനാൽ മജിസ്‌ട്രേറ്റ് കോടതിയിലെ ജാമ്യപേക്ഷ തള്ളിയിരുന്നു. കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം തള്ളിയാണ് മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്. കേസിലെ ഒന്നാം പ്രതി റൗഡി ലിസ്റ്റിൽ പെട്ടയാളാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

Story Highlights: Protest against pinarayi on plane; EP Jayarajan mocks VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here