പ്രതിഷേധങ്ങൾ കടുപ്പിക്കാൻ പ്രതിപക്ഷം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. നിയമസഭാ സമ്മേളനം ചേരാനിരിക്കെ സഭയിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. ലോകകേരള സഭയിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും മുന്നണി കൈക്കൊള്ളുമെന്നാണ് സൂചന.
സ്വപ്ന സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് നേതാക്കൾ.
പ്രതിപക്ഷ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്തി നാട്ടിൽ കലാപമുണ്ടാക്കാനും അതുവഴി ആരോപണങ്ങൾക്ക് മറയിടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാകും.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ സിപിഐഎം നേതാക്കളുടെ പ്രസ്താവനകളുപയോഗിച്ച് പ്രതിരോധം തീർക്കാൻ കോൺഗ്രസ്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും പറയുന്നത്. ഈ പ്രസ്താവനകളുയര്‍ത്തി കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
Read Also: വയനാട്ടിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ
‘വിമാനത്തില്‍ യാത്ര ചെയ്ത ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ അഞ്ചുമണിയോടെ വിമാനം ലാന്‍ഡ് ചെയ്യവെ, വിമാനത്തിലെ 20 A നമ്പര്‍ സീറ്റില്‍ ഇരുന്ന മുഖ്യമന്ത്രിക്ക് നേരെ നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് മുഖ്യമന്ത്രിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചു.’എന്നതാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്ഐആറിലെ പരാമര്‍ശം. ഈ വാദത്തെ പൊളിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്.
Story Highlights: UDF coordination committee meeting Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here