സോണിയാ ഗാന്ധി ആശുപത്രിയിൽ തന്നെ; ഇഡിക്കെതിരെ കോൺഗ്രസ് പ്രതിഷേധം തുടരും

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡി നടപടിക്കെതിരായ കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് നേതാക്കൾ. മുതിർന്ന നേതാക്കൾ ഉൾപ്പടെ ഇന്നത്തെ ഡെൽഹിയിലെ പ്രതിഷേധത്തിൽ അണിനിരക്കും. വരുന്ന തിങ്കളാഴ്ച വരെ തന്റെ ചോദ്യം ചെയ്യൽ നീട്ടി വെയ്ക്കണമെന്ന് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഇഡി അത് അംഗീകരിച്ചിട്ടുണ്ട്. ജൂൺ 12 മുതൽ കൊവിഡ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്മയെ പരിചരിക്കുന്നതിന് രാഹുൽ ഗാന്ധി ഒരു ദിവസം ആശുപത്രിയിൽ തങ്ങുമെന്നാണ് വിവരം. കൊവിഡ് ബാധിതയായി ദില്ലിയിലെ ആശുപത്രിയിൽ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് നാഷണൽ ഹെറാൾഡ് കേസിലെ ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. അവസാന മൂന്ന് ദിവസമായി മുപ്പത് മണിക്കൂറിൽ അധികം രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇന്നലെ ചോദ്യം ചെയ്യൽ ഉണ്ടായിരുന്നില്ല.
കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ജൂൺ 23ന് വിളിപ്പിച്ചിട്ടുണ്ട്. ഇഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങളിൽ 240ൽ അധികം പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് പല പ്രധാന കാര്യങ്ങളും രാഹുലിനോട് ചോദിച്ചെങ്കിലും മിക്കതിലും വ്യക്തത വരുത്തേണ്ടതുണ്ടന്നാണ് ഇഡിയുടെ നിലപാട്. അതേസമയം, ചോദ്യം ചെയ്യൽ നീണ്ടുപോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
Story Highlights: Sonia Gandhi in hospital; congress will continue to protest against the ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here