മൂന്നാം ലോക കേരള സഭയ്ക്ക് സമാപനം; വിട്ടുനിന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി. ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ എന്ത് ജനാധിപത്യ ബോധമാണ് നയിക്കുന്നതെന്ന് അറിയില്ല. പ്രതിപക്ഷ നേതാവിന്റെ വിശാല മനസിന് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan against opposition in lok kerala sabha)
പ്രതിപക്ഷനടപടി നാട് അംഗീകരിക്കില്ല. പ്രവാസികളുടെ വിവര ശേഖരണത്തിനായി ഡേറ്റ സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രവാസികള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചു കൊണ്ടാണ് മൂന്നാം ലോക കേരള സഭ സമാപിച്ചത്. കടലിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രായോഗികമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നിന്നതിനെ പിണറായി വിജയന്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും എന്ത് കിട്ടുന്നു എന്ന് നോക്കാതെ പണി എടുക്കുന്നവരാണ് പ്രവാസികള്‍. അവരെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ ചോര ഇല്ലാത്ത ക്രൂരതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ഭക്ഷണം കൊടുക്കുന്നത് ധൂര്‍ത്ത് എന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി വേദി പങ്കിടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പ്രതിപക്ഷം വിട്ടു നിന്നത്. കാര്യങ്ങള്‍ മനസിലാക്കിയിട്ടും യൂസഫലിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വിഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷം വിട്ടുനിന്നെങ്കിലും യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ സഭയുടെ ഭാഗമായി. ചിലര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ മറ്റ് ചിലര്‍ ലോക കേരള സഭയെ അനുകൂലിച്ചും രംഗത്ത് എത്തി.
Story Highlights: pinarayi vijayan against opposition in lok kerala sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here