തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഗുരുതര വീഴ്ച; ശസ്ത്രക്രിയ വൈകി, വൃക്ക മാറ്റിവച്ച രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ചു. ഇന്നലെ രാജഗിരി ആശുപത്രിയിൽ നിന്നുമെത്തിച്ച വൃക്ക മാറ്റിവച്ചയാളാണ് മരിച്ചത്. ഡോക്‌ടേഴ്‌സിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് ശസ്‌ത്രക്രിയ വൈകിയിരുന്നു. പൊലീസ് അകമ്പടിയോടെ വൃക്ക എത്തിച്ചുവെങ്കിലും ശസ്‌ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ ശസ്‌ത്രക്രിയ നാല് മണിക്കൂറോളം വൈകുകയായിരുന്നു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളജിലെത്തി. ജീവന്‍ കൈയില്‍ പിടിച്ച് പൊലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.
Read Also: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയത് നാല് മണിക്കൂര്‍; തിരു.മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ
ഒടുവില്‍ മണിക്കൂര്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ തുടങ്ങിയത്. വൃക്കപോലെയുള്ള നിര്‍ണായക അവയവങ്ങള്‍ മാറ്റിവെക്കുമ്പോള്‍ എത്രയും നേരത്തെ വെക്കാന്‍ സാധിക്കുമോ അത്രയും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കും. എന്നാല്‍ ഇവിടെ ഉണ്ടായ ഉദാസീനതമൂലം വിലപ്പെട്ട സമയങ്ങളാണ് രോഗിക്ക് നഷ്ടമായത്. അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
Story Highlights: kidney transplant was delayed at Thiruvananthapuram medical college patient died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here