Money Saving : എല്ലാ മാസവും നിക്ഷേപിക്കേണ്ട; ഒറ്റത്തവണ നിക്ഷേപിച്ചാൽ എസ്ബിഐ തരും മാസ വരുമാനം

ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട് രാജ്യത്ത്. ബോണ്ടുകൾ അതിനുദാഹരണമാണ്. എന്നാൽ ഇത്തരം മേഖലകൾ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ റിസ്‌ക് ഫആക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാനുള്ള ഏറ്റവും നല്ല വഴി ഉപഭോക്താക്കൾക്ക് നൽകുകയാണ് എസ്ബിഐ. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം എന്നതാം പദ്ധതിയുടെ പേര്. ( sbi anuity deposit scheme )
രാജ്യത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമാണ്. എസ്ബിഐയുടെ ഏത് ബ്രാഞ്ചിലും നിക്ഷേപം നടത്താം. രാജ്യത്തെ ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും.
നാല് തരം കാലാവധിയാണ് പദ്ധതിക്കുള്ളത്. 36 മാസത്തെ കാലാവധിയാണ് ഏറ്റവും കുറഞ്ഞത്. 60, 84, 120 മാസങ്ങളുടെ കാലാവധിയിലും ചേരാം. മൂന്ന് വർഷ പദ്ധതിയിൽ ചേരുന്ന നിക്ഷേപകൻ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. നിക്ഷേപിക്കുന്ന തുകയും പലിശയും ചേർന്നുള്ള തുകയാണ് മാസത്തിൽ ലഭിക്കുന്നത്. ചുരുങ്ങിയത് 1000 രൂപ നിക്ഷേപകന് ലഭിക്കും. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് തന്നെയാണ് എസ്ബിഐ ആന്വിറ്റി നിക്ഷേപങ്ങൾക്കും നൽകുന്നത്. 5.45 ശതമാനമാണ് നിലവിലെ പലിശ. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് 5.95 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 5.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.30 ശതമാനം പലിശയും ലഭിക്കും.
Read Also: ആധാർ കാർഡ് വഴി നേടാം ലക്ഷങ്ങളുടെ വായ്പ
ആന്വിറ്റി ഡെപ്പോസിറ്റ് പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് കാലവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കും. ഇത്തരത്തിൽ പിൻവലിക്കൽ നടത്തുമ്പോൾ ടേം ഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാൽ ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാൽ നിബന്ധനകളില്ലാതെ പണം പിൻവലിക്കാൻ അനുവദിക്കും.
പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും മാസത്തിൽ തിരികെ നിക്ഷേപകന് ലഭിക്കുന്നതിനാൽ കാലാവധി കഴിഞ്ഞ ശേഷം തിരികെ പണം ലഭിക്കില്ല.
Story Highlights: sbi anuity deposit scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here