അസം വെള്ളപ്പൊക്കത്തിൽ 7 പേർ കൂടി മരിച്ചു, സിൽച്ചാറിൽ സ്ഥിതി രൂക്ഷം

അസമിൽ വെള്ളപ്പൊക്ക ദുരന്തത്തിന് നേരെ ആശ്വാസം. മിക്ക പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏഴ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വരെ 108 പേരാണ് അസമിൽ മരിച്ചത്. അതേസമയം പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച സിൽചാർ നഗരത്തിൽ മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ വ്യോമ നിരീക്ഷണം നടത്തി.
സംസ്ഥാനത്തെ 32 ജില്ലകളിലായി 54.5 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ബരാക് താഴ്വരയിലെ സിൽചാർ പട്ടണത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നാല് ദിവസമായി സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കരകവിഞ്ഞൊഴുകുന്ന ബരാക് നദി തെക്കൻ അസമിലെ പ്രധാന പട്ടണത്തെ വെള്ളത്തിനടിയിലാക്കിയതിനാൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളെ ബാധിച്ചു, 71,000 ത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഭക്ഷണവും വൈദ്യുതിയുമില്ലാതെ, കുടിവെള്ളക്ഷാമം കൂടി രൂക്ഷമായതിനാൽ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളും സൈന്യവും വ്യോമസേനയും എയർഡ്രോപ്പ് ചെയ്യുന്ന ഭക്ഷണവും അവശ്യവസ്തുക്കളുമാണ് ഇവർക്ക് ഏക ആശ്രയം. അതേസമയം അസമിലെ വെള്ളപ്പൊക്ക സാഹചര്യം കേന്ദ്രം തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളി നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Story Highlights: 7 More Dead In Assam Floods, Worst-Hit Silchar Town Situation Still Grim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here