ഫണ്ട് തിരിമറി വിവാദങ്ങള്‍ക്കിടെ സിപിഐഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗം; വി.കുഞ്ഞികൃഷ്ണന്‍ പങ്കെടുക്കില്ല

ഫണ്ട് തിരിമറി വിവാദങ്ങള്‍ക്കിടെ സിപിഐഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗം ഇന്ന് ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന ബ്രാഞ്ച് യോഗങ്ങള്‍ക്ക് മുന്നോടിയായാണ് യോഗം. ഏരിയ കമ്മിറ്റി യോഗത്തില്‍ വി കുഞ്ഞികൃഷ്ണന്‍ പങ്കെടുക്കില്ല. ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കുന്നതിലെ നേതൃതീരുമാനം യോഗത്തില്‍ അവതരിപ്പിച്ചേക്കും.( cpim payyannur area committee meeting)
വിവാദത്തിലകപ്പെട്ട മൂന്ന് ഫണ്ടുകളുടെയും ഓഡിറ്റ് പൂര്‍ത്തിയായെന്നും പണം നഷ്ടമായിട്ടില്ലെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ മുഴുവന്‍ വരവ് ചിലവ് കണക്കുകളും സുതാര്യതയോടെ അവതരിപ്പിക്കാനാകാത്തത് എന്തൊകൊണ്ടെന്നാണ് അണികളുടെ ചോദ്യം. ഒരു ലക്ഷം രൂപ സംഭാവന നല്‍കിയ പാര്‍ട്ടി അംഗമായ വ്യാപാരി തന്നെ, പരാതിപ്പെട്ടതിന് പിന്നാലെ തനിക്ക് വ്യാജ രസീതി ലഭിച്ചെന്ന് പാര്‍ട്ടി അംഗങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പണം സമാഹരിക്കാന്‍ മുതിര്‍ന്ന നേതാവിന്റെ രണ്ട് ബിനാമികള്‍ നിയോഗിക്കപ്പെട്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ബ്രാഞ്ച് യോഗങ്ങളില്‍ കണക്കുകളച്ചൊല്ലിയുള്ള പ്രതിഷേധം പരിധി വിടുമോയെന്ന് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇന്നത്തെ ഏരിയ കമ്മിറ്റിയില്‍ പങ്കെടുക്കില്ലന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച നിലപാടില്‍ മാറ്റമില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
Read Also: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കും
പാര്‍ട്ടിക്കോട്ടയിലെ അണികളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള വഴികളാണ് നേതൃത്വം തേടുന്നത്. ഏരിയക്കമ്മിറ്റി അംഗങ്ങളാണ് ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുക്കേണ്ടത്. കമ്മറ്റിയിലെ 21ല്‍ 16 അംഗങ്ങളും കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ബ്രാഞ്ച് യോഗങ്ങളില്‍ അവതരിപ്പിക്കേണ്ട നേതൃനിലപാട് യോഗത്തില്‍ ജില്ലാക്കമ്മിറ്റി പ്രതിനിധികള്‍ വിശദീകരിക്കും.
Story Highlights: cpim payyannur area committee meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here