സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള രക്തപരിശോധന ഇന്ത്യയിലും ലഭ്യമാകുന്നു; വിശദാംശങ്ങള്‍ അറിയാം…

ആദ്യഘട്ടത്തില്‍ സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന ഇന്ത്യയിലും ലഭ്യമാകുന്നു. സ്തനാര്‍ബുദം 0,1 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്തുന്നതിനുള്ള രക്തപരിശോധന 15 ഓളം രാജ്യങ്ങളിലാണ് ലഭ്യമായിരിക്കുന്നത്. 99 ശതമാനം കൃത്യതയോടെ സ്തനാര്‍ബുദം ഈ പരിശോധനയിലൂടെ നിര്‍ണയിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. 40 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഈ പരിശോധന വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തുന്നത് സ്താനാര്‍ബുദം മൂലമുള്ള വലിയ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.വിശദമായ പഠനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ നവംബറിലാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസിട്രേഷന്‍ ഈ പരിശോധനയ്ക്ക് അംഗീകാരം നല്‍കുന്നത്. (Blood test that can detect breast cancer available in India now)
ഈസി ചെക്ക് ബ്രെസ്റ്റ് എന്ന പേരിലാണ് പരിശോധന അറിയപ്പെടുന്നത്. ഇന്ത്യയില്‍ 6,000 രൂപയാണ് ഈ പരിശോധനയ്ക്ക് ചെലവ് വരിക. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും 40 വയസിന് ശേഷമുള്ള സ്ത്രീകള്‍ സ്തനാര്‍ബുദ നിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാകേണ്ടത് ആവശ്യമാണ്. രക്തപരിശോധന ഇന്ത്യയിലെത്തിയ പശ്ചാത്തലത്തില്‍ ഇനി സൗകര്യപ്രദമായി സ്ത്രീകള്‍ക്ക് രോഗനിര്‍ണയം നടത്താം.
രക്തപരിശോധന ഒരിക്കലും മാമോഗ്രാമുകള്‍ക്ക് പകരമാകില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. എങ്കിലും രക്തപരിശോധനയിലൂടെ അര്‍ബുദം ആദ്യം തിരിച്ചറിയുന്നവര്‍ക്ക് ഉടന്‍ പരമ്പരാഗത ടെസ്റ്റുകളിലേക്കും ബയോപ്സി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്കും കടക്കാം. പരിശോധനകളിലൂടെ രോഗത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കിയതിന് ശേഷം വൈകാതെ ചികിത്സ ആരംഭിക്കാം.
പരിശോധനയിലൂടെ ആദ്യഘട്ടങ്ങളില്‍ തന്നെ സ്തനാര്‍ബുദം തിരിച്ചറിഞ്ഞ ശേഷം ചികിത്സയ്ക്കൊപ്പം ജീന്‍ ഡ്രഗുകള്‍ കൂടി കഴിക്കുന്നവര്‍ വളരെ വേഗം സുഖംപ്രാപിക്കുന്നതായി ലാന്‍സെറ്റ് ഓണ്ടോളജി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇവര്‍ രോഗമുക്തി നേടുന്നതിനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു. ആസ്ട്രാസെനേക്ക വികസിപ്പിച്ച ക്യാപിവാസെര്ടിബ് മരുന്നുകള്‍ കഴിച്ചവരിലാണ് പഠനം നടന്നത്. സ്തനാര്‍ബുദത്തിന്റെ ജനിതക പാതയെ കേന്ദ്രീകരിച്ചുള്ള ഒരു പരീക്ഷണം മുന്‍പ് നടന്നിരുന്നില്ലെന്നും ഈ നേട്ടം അത്ഭുതപ്പെടുത്തുന്നുണ്ടെന്നും കാന്‍ഡിഫ് സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബ് ജോണ്‍സ് പറഞ്ഞു.
Story Highlights: Blood test that can detect breast cancer available in India now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here