പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ ആരോപണ വിധേയരുടെ കണക്കുകൾക്ക് സിപിഐഎം ജില്ലാ നേതൃത്വത്തിൻ്റെ അംഗീകാരം

പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ ആരോപണ വിധേയരുടെ കണക്കുകൾക്ക് സിപിഐഎം ജില്ലാ നേതൃത്വത്തിൻ്റെ അംഗീകാരം. മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ സമർപ്പിച്ച കണക്കുകളാണ് തള്ളിയത്. ആരോപണ വിധേയർ ജില്ലാ നേതൃത്വത്തിന് നൽകിയ കണക്കുകൾ ഏരിയ കമ്മിറ്റി അംഗീകരിച്ചു. അതേസമയം ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട തെളിവുകൾ കുഞ്ഞികൃഷ്ണൻ സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ( cpim Payyannur party fund controversy )
പയ്യന്നൂരിലെ പാർട്ടി ഫണ്ടിൽ പണാപഹരണം നടന്നിട്ടില്ലെന്നും കണക്കുകൾ കൈകാര്യം ചെയ്യുന്നതിലാണ് വീഴ്ച സംഭവിച്ചതെന്നുമായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ വാദം. ഇക്കാര്യം സാധൂകരിക്കുന്ന വരവ് ചെലവ് കണക്കാണ് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഏരിയാ കമ്മിറ്റിയിൽ അവതരിപ്പിച്ചത്. കുഞ്ഞികൃഷ്ണന്റെ അസാന്നിധ്യത്തിൽ നടന്ന യോഗം കാര്യമായ എതിർപ്പുകളില്ലാതെ ഈ കണക്കുകൾ അംഗീകരിച്ചു. ഈ കണക്കുകൾ അടുത്ത ആഴ്ച മുതൽ നടക്കുന്ന ലോക്കൽ, ബ്രാഞ്ച് യോഗങ്ങളിൽ അവതരിപ്പിക്കും. എന്നാലിത് കീഴ്ഘടകങ്ങൾ പൂർണമായി അംഗീകരിക്കുമോയെന്ന കാര്യത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്.
Read Also: ‘ബിജെപിക്കൊപ്പമെന്ന് സിപിഐഎം പ്രഖ്യാപിക്കുകയാണ്’; ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ മുരളീധരൻ
ധനരാജ് രക്തസാക്ഷി ഫണ്ടിൽ മാത്രം 47 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ കണ്ടെത്തൽ. എന്നാൽ ജില്ലാ നേതൃത്വം അവതരിപ്പിച്ച കണക്കിൽ ഈ അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് 26000 രൂപ മാത്രമാണ്. ധനരാജിന്റെയും ഭാര്യയുടെയും പേരിൽ പയ്യന്നൂർ സഹകരണ ബാങ്കിന്റെ കൊറ്റി ബ്രാഞ്ചിൽ ഉള്ള 15 ലക്ഷത്തിന്റെ കട ബാധ്യത അടച്ചു തീർക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇതിനിടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കണക്കുകളും കണ്ടെത്തലുകളും മുൻ ഏരിയ സെക്രട്ടറി കുഞ്ഞികൃഷ്ണൻ സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായാണ് വിവരം. സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെയാണ് കുഞ്ഞികൃഷ്ണൻ കണക്കുകൾ നേതൃത്വത്തിന് കൈമാറിയത്.
Story Highlights: cpim Payyannur party fund controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here