വഞ്ചനയെന്ന് ആരോപിച്ച് ആക്രമണം: മഹാരാഷ്ട്രയില്‍ എംഎല്‍എയുടെ ഓഫിസ് തല്ലിത്തകര്‍ത്ത് ശിവസേന പ്രവര്‍ത്തകര്‍

മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അക്രമാസക്തമാകുന്നു. വിമത എംഎല്‍എയായ തനാജി സാവന്തിന്റെ പുനെയിലെ ഓഫിസ് ശിവസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. (Shiv Sena Workers Vandalise Rebel MLA Tanaji Sawant’s Office)
സാവന്തിന്റെ കാട്രാജ് മേഖലയിലുള്ള ഭൈാരവ്‌നഗര്‍ ഷുഗര്‍ വര്‍ക്‌സ് എന്ന ഓഫിസിലാണ് ഇന്ന് ഉച്ചയോടെ ആക്രമണമുണ്ടായത്. സേനാ പ്രവര്‍ത്തകര്‍ ഓഫിസിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ജനലുകളും വാതിലുകളും തല്ലിത്തകര്‍ക്കുകയും ചെയ്തു. സാവന്തിന്റെ ഓഫിസിന് നേരെ നടന്ന ആക്രമണം ചെറിയൊരു തുടക്കം മാത്രമാണെന്നും വിമത എംഎല്‍എമാര്‍ കരുതിയിരിക്കണമെന്നും ശിവസേനാ പ്രവര്‍ത്തകര്‍ പരസ്യമായി ഭീഷണിമുഴക്കുകയും ചെയ്തു. വിമത എംഎല്‍എമാര്‍ ചെയ്യുന്നത് വഞ്ചനയാണെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
നിലവില്‍ തനാജി സാവന്ത് ഗുഹാഹത്തിയില്‍ ക്യാംപ് ചെയ്യുകയാണെന്നാണ് വിവരം. ശിവസേനാ നേതാവ് വിശാല്‍ ധനവാഡെ ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് ഡിസിപി സാഗര്‍ പട്ടീല്‍ അറിയിച്ചു.
Story Highlights: Shiv Sena Workers Vandalise Rebel MLA Tanaji Sawant’s Office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here