Advertisement

മുട്ട വിറ്റും, പഞ്ചർ ഒട്ടിച്ചും നടന്നവർ, ഇന്ന് ഐഎഎസ് ഉദ്യോഗസ്ഥർ; അറിയാം ഈ പ്രചോദനാത്മക കഥ

June 25, 2022
Google News 2 minutes Read

പരാജയവും തിരിച്ചടികളും നേരിടാത്ത ജീവിതമുണ്ടാവുകയില്ല. ചിലർ പരാജയത്തെ വിജയത്തിലേക്കുള്ള ചവട്ടുപടികളാക്കി മാറ്റുന്നു. മറ്റുചിലർ നിരാശ ബാധിച്ച് നിഷ്ക്രിയരായി പിൻമാറ്റത്തിലേക്കു പോകുന്നു. വിജയം അനായാസം നിങ്ങളെ തേടിയെത്തിയില്ല. കഠിനാധ്വാനം ചെയ്തെങ്കില്‍ മാത്രമെ, ജീവിതത്തില്‍ വിജയിക്കാനാകു. ഒരു കാര്യം ദുഷ്‌ക്കരമാണെന്ന് കരുതി പിന്‍വാങ്ങരുത്. അത് നടപ്പിലാക്കാന്‍ കഠിനമായി പരിശ്രമിക്കുക. അപ്പോള്‍ അത് നടപ്പിലാകുകതന്നെ ചെയ്യും.

മഹാരാഷ്ട്രയിലെ വരുൺ കുമാർ ബർൺവാളും, ബീഹാറിലെ മനോജ് കുമാർ റോയിയും ഇതിന് ഉദാഹരണമാണ്. കൊടും ദാരിദ്ര്യത്തെ അഭിമുഖീകരിച്ചു ജീവിത വിജയം നേടിയവരാണിവർ. ഒരു കാലത്ത് സൈക്കിൾ പഞ്ചർ ഒട്ടിച്ചും മുട്ട വിറ്റും നടന്ന ഇരുവരും, ഇന്ന് ഐഎഎസ് ഉദ്യോഗസ്ഥരായി നാടിനെ സേവിക്കുന്നു. അറിയാം ചെറുപ്രായത്തിൽ പിതാവിനെ നഷ്ടപ്പെട്ട് വിദ്യാഭ്യാസം ഉപേക്ഷിക്കാൻ തീരുമാനിച്ച വരുൺ ബരൻവാളിന്റെ പ്രചോദനാത്മകമായ യാത്രയെ പറ്റി. ഒപ്പം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ റേഷൻ വിതരണം നടത്തി ഐഎഎസ് നേടിയെടുത്ത മനോജ് കുമാർ റോയ് എന്ന പോരാളിയുടെ കഥയും.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ബോയ്‌സർ സ്വദേശിയാണ് വരുൺ കുമാർ ബർൺവാൾ ഐഎഎസ്. അച്ഛന്റെ സൈക്കിൾ പഞ്ചർ കടയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമെന്നാണ് കുടുംബത്തിന്റെ മുഴുവൻ ഉപജീവനമാർഗം. പത്തിൽ പഠിക്കുമ്പോൾ വരുണിന്റെ അച്ഛൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. വരുൺ പഠനത്തിൽ മിടുക്കനായിരുന്നു. അച്ഛൻ മരിച്ചിട്ടും പഠനം ഉപേക്ഷിക്കാൻ അമ്മ അനുവദിച്ചില്ല. വീട്ടിലെ സ്ഥിതി അറിയുന്ന വരുൺ പഠനത്തോടൊപ്പം വരുമാനത്തിനായി അച്ഛന്റെ തൊഴിൽ ഏറ്റെടുത്തു. പത്താം തരം ഉയർന്ന മാർക്കോടെ പാസ്സായ വരുണിന് കൈത്താങ്ങായി അധ്യാപകരും എത്തി. അവന്റെ 11, 12 ക്ലാസുകളിലെ ഫീസ് സ്കൂൾ അധ്യാപകർ അടച്ചു.

കോളജ് അഡ്മിഷൻ ഫീസായ പതിനായിരം രൂപ വരുണിന്റെ പിതാവിനെ ചികിത്സിച്ച ഡോക്ടർ നൽകി. പിന്നീട് വരുണിന് തിരഞ്ഞു നോക്കേണ്ടി വന്നില്ല. കോളജിലും അവൻ ഒന്നാമതെത്തി. ഉന്നതവിജയം നേടിയ ശേഷം വരുണിന് സ്കോളർഷിപ്പും ലഭിച്ചു തുടങ്ങി. മെല്ലേ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി. എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്യാൻ തീരുമാനിച്ച വരുൺ യുപിഎസ്‌സിക്കുള്ള തയ്യാറെടുപ്പും തുടങ്ങി. 2013-ൽ യു.പി.എസ്.സി പരീക്ഷയിൽ 32-ാം റാങ്ക് നേടി വിജയിക്കുകയും ഗുജറാത്ത് കേഡറിൽ ഐ.എ.എസ് ആകുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.

മനോജ് കുമാർ റോയി ബീഹാർ സംസ്ഥാനത്തെ സുപോൾ ജില്ലയിൽ താമസിക്കുന്നയാളാണ്. 1996ൽ സുപോളിൽ നിന്ന് ജീവിതത്തിൽ എന്തെങ്കിലും നേടാനായി മനോജ് ഡൽഹിയിൽ എത്തി. ഇവിടെ മുട്ടയും പച്ചക്കറിയും വിൽക്കാൻ തുടങ്ങി. ഇതിനുശേഷം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ റേഷൻ വിതരണം ചെയ്യാൻ ആരംഭിച്ചു. അങ്ങനെയിരിക്കെ ബിഹാർ സ്വദേശിയായ ഉദയ് കുമാറിനെ മനോജ് പരിചയപ്പെട്ടു, പഠനം തുടരാൻ അദ്ദേഹം ഉപദേശിച്ചു. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിലെ അരബിന്ദോ കോളജിലെ സായാഹ്ന ക്ലാസുകളുടെ ബിഎ കോഴ്സിന് മനോജ് ചേർന്നു. ഇതിനിടയിലും മനോജ് തൻ്റെ തൊഴിൽ തുടർന്നു.

ഇതിന് ശേഷം ഉദയ്‌യുടെ ഉപദേശപ്രകാരം യുപിഎസ്‌സി ചെയ്യാൻ തീരുമാനിച്ച മനോജ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. 2005ൽ യുപിഎസ്‌സിയുടെ ആദ്യ ശ്രമം മനോജ് നടത്തിയെങ്കിലും വിജയിക്കാനായില്ല. തളർന്നില്ല അദ്ദേഹം ശ്രമം തുടർന്നു. 2010ൽ തൻ്റെ നാലാമത്തെ ശ്രമത്തിനൊടുവിൽ മനോജ് ഉയർന്ന റാങ്കൊടെ വിജയിച്ചു. അദ്ദേഹത്തിന് ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി സർവീസിന്റെ കേഡർ ലഭിച്ചു.

Story Highlights: upsc success story puncture maker egg seller ias varun kumar manoj kumar crack upsc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here