പരിശീലന മത്സരത്തിൽ ഫിഫ്റ്റിയടിച്ച് കോലി; പ്രതീക്ഷയോടെ ആരാധകർ

ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൽ ഫിഫ്റ്റിയടിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. രണ്ടാം ഇന്നിംഗ്സിൽ 52 റൺസടിച്ച താരം ക്രീസിൽ തുടരുകയാണ്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലിയുടെ ഇന്നിംഗ്സ് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഏഴാം നമ്പറിലാണ് കോലി ക്രീസിലെത്തിയത്. (virat kohli fifty leicestershire)
ആദ്യ ഇന്നിംഗ്സിൽ തിളങ്ങിയ ശ്രീകർ ഭരതും ശുഭ്മൻ ഗില്ലും ചേർന്നാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഗിൽ 38 റൺസ് നേടിയപ്പോൾ ഭരത് 43 റൺസെടുത്ത് പുറത്തായി. പിന്നീട് ഹനുമ വിഹാരി (20), ശ്രേയാസ് അയ്യർ (30), ശാർദുൽ താക്കൂർ (28), ചേതേശ്വർ പൂജാര (22) എന്നിവരും ഇന്ത്യക്കായി തിളങ്ങി. നിലവിൽ കോലിയും ജഡേജയുമാണ് ക്രീസിൽ. 7 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്ത ഇന്ത്യക്ക് 257 റൺസിൻ്റെ ലീഡാണ് ഉള്ളത്. ലെസസ്റ്റർഷെയറിനായി നവദീപ് സെയ്നി 3 വിക്കറ്റ് വീഴ്ത്തി.
അതേസമയം, ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിന് ഇന്ത്യൻ യുവ പേസർ കമലേഷ് നഗർകൊടിയെ ആരാധകർ കുറ്റപ്പെടുത്തി. ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ടാം ദിനത്തിലാണ് സംഭവം. നഗർകൊടിയെ കുറ്റപ്പെടുത്തിയ ആരാധകർക്കെതിരെ മുൻ ക്യാപ്റ്റൻ വിരാട് കോലി രംഗത്തുവന്നു. ഇവരോട് കോലി ദേഷ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
“ഞാൻ കുറേ നേരമായി ഒരു ഫോട്ടോയ്ക്ക് ചോദിക്കുന്നു. ഓഫീസിൽ നിന്ന് ഒരു ദിവസത്തെ അവധിയെടുത്താണ് കളി കാണാൻ വന്നത്. അതുകൊണ്ട് ഒപ്പം ഒരു ഫോട്ടോയെങ്കിലും എടുക്കാൻ നഗർകൊടിയെ ഞാൻ വിളിക്കുകയാണ്.”- ആരാധകരിലൊരാൾ കോലിയോട് പറയുന്നു. “അവൻ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. ഫോട്ടോ എടുക്കാനല്ല” എന്ന് കോലി മറുപടി പറയുന്നു. ഇവർ തമ്മിൽ പരസ്പരം കുറച്ചുസമയം സംസാരിക്കുന്നത് വിഡിയോയിൽ കാണാം.
ഇന്ത്യൻ ടീമിൽ അംഗമല്ലാത്ത നഗർകൊടി ടീമിൻ്റെ നെറ്റ് ബൗളറാണ്. ഇന്ന് ലെസസ്റ്റർഷെയറിനെതിരെയാണ് നഗർകൊടി കളിക്കാനിറങ്ങിയത്. താരം ശാർദ്ദുൽ താക്കൂറിൻ്റെ വിക്കറ്റും സ്വന്തമാക്കി. ജൂലായ് ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുക.
Story Highlights: virat kohli fifty leicestershire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here