കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ കുഴഞ്ഞു വീണു; ജീവൻ രക്ഷിച്ചത് നഴ്സ് അശ്വതി

നഴ്സുമാർ ഭൂമിയിലെ മാലാഖമാർ തന്നെയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സ് ഓഫിസറായ അശ്വതി. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ രോഗിയുടെ ജീവൻ രക്ഷിച്ചത് ഗർഭിണി കൂടിയായ അശ്വതിയുടെ സമയോചിതമായ ഇടപെടലാണ്. ( nurse rescues ksrtc traveller )
രണ്ടു ദിവസം മുൻപ് കൊല്ലം തെങ്കാശി കെഎസ്ആർടിസി ഫാസ്റ്റ് ബസാണ് സംഭവസ്ഥലം. വാഹനം കൊല്ലം കരിക്കോട് ജംഗ്ഷൻ എത്തിയപ്പോൾ പിറകിലെ സീറ്റിൽ ഇരുന്ന ഒരാൾ കുഴഞ്ഞു വീണു. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ളവർ രോഗിയെ പിടിച്ചെഴുന്നേൽപ്പിച്ചെങ്കിലും പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കി. അപ്പോഴാണ് ബസ്സിലുണ്ടായിരുന്ന അഞ്ചുമാസം ഗർഭിണി കൂടിയായ അശ്വതി ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ കുഴഞ്ഞുവീണയാൾക്ക് രക്ഷയായി എത്തിയത്.
അശ്വതി രോഗിയെ പരിശോധിക്കുകയും ഹൃദയാഘാതമെന്ന് തിരിച്ചറിയുകയും ചെയ്തു. രോഗിക്ക് സിപിആർ നൽകിയ ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. സമീപത്ത് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അശ്വതി ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. രോഗി അപകടാവസ്ഥ തരണം ചെയ്തതിനുശേഷമാണ് അശ്വതി ആശുപത്രി വിട്ടത്.
Read Also: ഇലക്ട്രിക് ബസുകളെത്തി, കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ഇനിയും ഉഷാറാവും
അശ്വതിയുടെ സമയോചിതമായ ഇടപെടൽ തുണയായെന്ന് യാത്രക്കാരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി. കുണ്ടറ മുളവന സ്വദേശിയായ ശരത് ബാബുവിന്റെ ഭാര്യയാണ് അശ്വതി. ഗർഭിണിയായ അശ്വതിക്ക് ഒരു മകളുമുണ്ട്.
Story Highlights: nurse rescues ksrtc traveller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here