ഇലക്ട്രിക് ബസുകളെത്തി, കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ഇനിയും ഉഷാറാവും

തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയത്. ( KSRTC City Circular Service; Electric buses arrived )
കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായതായി ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ കാലക്രമേണ മുഴുവൻ ബസുകളും ഇലക്ട്രിക്കിലേക്ക് മാറ്റും. ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്ററാണ് നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടി ശനിയാഴ്ച എത്തിച്ചേരും. ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also: കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും
നിലവിൽ ഡീസൽ ബസുകൾക്ക് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചെലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാവും ചെലവ്. നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും. സിറ്റി സർക്കുലറിൽ ദിനംപ്രതിയുണ്ടായിരുന്ന 1000 യാത്രക്കാർ 28,000 ആയി വർധിച്ചത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടിക്ക് ശേഷം ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സിഎൻജിക്ക് വിലവർദ്ധിച്ചത്. ഈ സാഹചര്യത്തിൽ സിഎൻജി ബസുകൾ വാങ്ങിയാൽ ലാഭകരമാകില്ലെന്നും മന്ത്രി പറഞ്ഞു. 27 ന് നടത്താനിരുന്ന കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായുള്ള ചർച്ച 29 ന് നടത്തുമെന്നും കെഎസ്ആർടിസിയുടെ സമഗ്ര വികസനത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
Story Highlights: KSRTC City Circular Service; Electric buses arrived
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here