“സൗഹൃദത്തിനും ചേർത്തുനിർത്തലിനും അതിർവരമ്പുകൾ ഇല്ല”; മലയാളി കൂട്ടുകാർക്കൊപ്പം പഠനകാലം ആഘോഷമാക്കി അഫ്‌ഗാനി കൂട്ടുകാർ…

സൗഹൃദത്തിന് അതിർവരമ്പുകൾ ഇല്ല എന്നാണ് പറയാറ്. അത് ഏറെക്കുറെ ശരിയുമാണ്. സൗഹൃദത്തിന് പറയാനുള്ളത് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കഥയാണ്. അതിർവരമ്പുകളില്ലാത്ത ചേർത്തുവെക്കലിലൂടെ മാതൃകയാകുകയാണ് ഒരു എൽ പി സ്‌കൂൾ. കഴക്കൂട്ടം സെന്റ് ആന്റണീസ് എൽ പി സ്‌കൂളിൽ മലയാളി കൂട്ടുകാർക്കൊപ്പം പഠനകാലം ആഘോഷമാക്കുകയാണ് ഏഴ് അഫ്‌ഗാൻ കൂട്ടുകാർ.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ലോകത്തിന് തന്നെ മാതൃകയാവുന്ന കാഴ്ചയാണിത്. തിരുവനന്തപുരം കഴക്കൂട്ടം സെന്റ് ആന്റണീസ് എൽ പി സ്‌കൂളിലാണ് അപൂർവ സൗഹൃദത്തിന്റെയും ചേർത്തുനിർത്തലിന്റെയും നല്ല പാഠങ്ങൾ ഈ സമൂഹത്തിന് പകർന്നു നൽകുന്നത്. ഒന്നാം ക്‌ളാസിലെ ഹൈദ മുതൽ നാലാം ക്‌ളാസിലെ നാദിയ വരെ മലയാളി കൂട്ടുകാർക്കൊപ്പം പഠിച്ചും പാട്ടുപാടിയും നടക്കുകയാണ്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഏഴ് കുട്ടികളാണ് സെന്റ് ആന്റണീസ് സ്‌കൂളിലുള്ളത്. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്സിൽ റിസർച്ച് ചെയ്യാനെത്തിയതാണ് ഇവരുടെ മാതാപിതാക്കൾ. മരങ്ങളാണ് കേരളത്തെ മനോഹരമാക്കുന്നത് എന്നാണ് രണ്ടാം ക്‌ളാസുകാരനായ ഫർസാന് പറയാനുള്ളത്. ഇഷ്ട ഭക്ഷണമാകട്ടെ ദോശയും സാമ്പാറും. ഇതാണ് ഏറ്റവും ബെസ്റ്റ് സ്‌കൂൾ എന്നാണ് ഈ രണ്ടാം ക്ളാസുകാരന് പറയാനുള്ളത്.
കേരളത്തിലെ വിദ്യാലയങ്ങളിലെ മികവ് മനസിലാക്കിയാണ് രക്ഷിതാക്കൾ സ്‌കൂളിൽ എത്തിയതെന്നാണ് പ്രധാന അധ്യാപകൻ മനോജ് പറയുന്നത്. ഇതുകൊണ്ടുണ്ടായ പ്രധാന മാറ്റമായി അദ്ദേഹം പറയുന്നത് നമ്മുടെ കൾച്ചർ അവരുടെ കുട്ടികളിലേക്കും അവരുടെ കൾച്ചർ നമ്മുടെ കുട്ടികളിലേക്കും എത്തപ്പെട്ടു എന്നതാണ്. അവരുടെ രക്ഷകർത്താക്കൾ എല്ലാം ഇവിടുത്തെ വിദ്യാഭ്യാസത്തിൽ തൃപ്തരാണ്. അഫ്ഗാൻ കുട്ടികൾ സ്‌കൂളിൽ എത്തിയതോടെ മറ്റുകുട്ടികൾ പരിശീലനം ഇല്ലാതെ തന്നെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പഠിച്ചു. അഫ്ഗാനിസ്ഥാനിന് പുറമെ രാജസ്ഥാനിൽ നിന്ന് ഏഴ് കുട്ടികളും ബിഹാറിൽ നിന്ന് നാല് പേരും ഈ സ്‌കൂളിൽ ഉണ്ട്. കടൽ കടന്നെത്തിയ കുട്ടികൂട്ടുകാർക്ക് കേരളം നന്നേ പിടിച്ച മട്ടാണ്. സൗഹൃദത്തിനും ചേർത്തുനിർത്തലിനും അതിർവരമ്പുകൾ ഇല്ല.
Story Highlights: Afgani Students studying in kazhakkoottam L P School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here