പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; സൂപ്പർ ഡീലക്സ് ബസുകൾ ഉപയോഗിക്കാതെ നശിക്കുന്നില്ലെന്ന് കെഎസ്ആർടിസി

കോട്ടയം ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകൾ ഉപയോഗിക്കാതെ നശിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി. വീക്ക് എന്റ് അഡീഷണൽ സർവ്വീസിനുള്ള ബസ്സുകളും രാത്രി സർവ്വീസിനും ബഡ്ജറ്റ് ടൂറിസത്തിനും വേണ്ടി ഉപയോഗിക്കുന്നതിനുള്ള സ്പെയർ ബസുകളുമാണ് ഇവ. ഈ ബസുകൾ പകൽ സമയത്ത് പാർക്ക് ചെയ്തിരുന്നതിന്റെ ദൃശ്യങ്ങൾ യാർഡിൽ നിന്ന് പകർത്തിയാണ് തെറ്റായ തരത്തിലുള്ള വാർത്ത നൽകുന്നതെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ( KSRTC with explanation on super deluxe buses at Kottayam depot )
മഴ കാരണം ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽ അന്തർ സംസ്ഥാന സർവ്വീസിന്റെതായിരുന്ന നിലവിലുള്ള സൂപ്പർ ഡീലക്സ് ബസിൽ രണ്ടെണ്ണം ബഡ്ജറ്റ് ടൂറിസത്തിനുള്ളതാണ്. ബാക്കി ബസുകളിൽ രണ്ടെണ്ണം ഇപ്പോഴും കോട്ടയം- സുൽത്താൻ ബത്തേരി റൂട്ടിൽ രാത്രി സർവ്വീസ് നടത്തുന്നവയാണ്. ദീർഘ ദൂര സർവ്വീസുകൾക്കുള്ള ബസുകൾ ബ്രേക്ക് ഡൗണാകുന്ന സാഹചര്യത്തിൽ മാറ്റി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ളതാണ് മറ്റ് ബസുകൾ.
Read Also: കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ കുഴഞ്ഞു വീണു; ജീവൻ രക്ഷിച്ചത് നഴ്സ് അശ്വതി
നിലവിൽ ഇവിടെയുള്ള സൂപ്പർ ഡീലക്സ് ബസുകളിൽ 4 ബസുകളുടെ കാലാവധി ഡിസംബറോടെ 9 വർഷം പൂർത്തിയാകും. ദീർഘദൂര സർവ്വീസുകൾക്ക് ഈ ബസുകളെ ഇനി ഉപയോഗിക്കാനാകില്ല. അതിനാൽ ഇവ ഓർഡിനറി സർവ്വീസിനായി ഉപയോഗിക്കുമെന്നും അതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
Story Highlights: KSRTC with explanation on super deluxe buses at Kottayam depot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here