‘മാധവൻ കട്ട കിണ്ടി വാങ്ങി സിനിമയിൽ എത്തി, 2001 മുതൽ അംബികയെ അറിയാം; ലാൽ ജോസ്

നടി അംബിക റാവുവിനൊപ്പമുള്ള ഓർമ്മകൾ പങ്കിട്ട് സംവിധായകൻ ലാൽ ജോസ്. 2001-2002 കാലഘട്ടത്തിലാണ് അംബികയെ പരിചയപ്പെടുന്നത്. ബാംഗ്ലൂരിൽ ആഡ് ഏജൻസി നടത്തിയിരുന്ന അംബിക, സിനിമാ മോഹവുമായി നടന്നിരുന്ന സമയം. തൻ്റെ ‘മീശമാധവൻ’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചു. മാധവൻ കട്ട കിണ്ടി വാങ്ങുന്ന സ്ത്രീ അംബികയാണ്. പിന്നീട് ‘പട്ടാളം’ എന്ന സിനിമയിലും വേഷമിട്ടു.
“സിനിമയിൽ മാമുക്കോയയുടെ ഭാര്യയായി, ചായക്കടക്കായിയുടെ വേഷത്തിൽ അഭിനയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള അംബിക പിന്നീട് ട്രാൻസ്ലേറ്റർ ആയി പ്രവർത്തിക്കാൻ തുടങ്ങി. മറു ഭാഷാ നടികൾക്ക് മലയാളം സംസാരിക്കാൻ പഠിപ്പിച്ചിരുന്നത് അംബികയാണ്. അസോസിയേറ്റ് ഡയറക്ടറായും സജീവമായിരുന്നു. പ്രശ്നങ്ങളെ നേരിട്ട് സിനിമാ മേഖലയിൽ പിടിച്ചു നിന്ന വ്യക്തിയാണ് അംബിക. നല്ലൊരു സ്ത്രീയായിരുന്നു…വളരെ കാലമായി അറിയാം, വിശേഷങ്ങൾ പരസ്പരം വിളിച്ചു പറയാറുണ്ടായിരുന്നു..” – ലാൽ ജോസ് 24 നോട് പറഞ്ഞു.
“കൊവിഡ് സമയത്ത് വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. മകൻ്റെ ഏക വരുമാനത്തിലാണ് അവർ കഴിഞ്ഞിരുന്നത്. തന്നാൽ കഴിയുന്ന സഹായം ചെയ്തിരുന്നു. സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്നത് അംബികയുടെ വലിയ ആഗ്രഹമായിരുന്നു. അതിന് വേണ്ടിയുള്ള ആദ്യ ശ്രമങ്ങൾ ആരംഭിച്ചതുമാണ്. ആഗ്രഹം പൂർത്തിയാക്കാതെയാണ് അംബിക മടങ്ങുന്നത്.” – ലാൽ പറയുന്നു. കൊവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അംബിക റാവു. ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് അംബിക സിനിമാലോകത്തെത്തിയത്.
Story Highlights: Lal Jose shares his memories with actress Ambika Rao
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here