ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 6 ന്

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
വിജ്ഞാപനം ഇറങ്ങിയ ശേഷം ജൂലൈ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ജൂലൈ 20 നാണ് സൂക്ഷ്മപരിശോധന. 22 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജ് വഴി, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുസഭകളിലെയും അംഗങ്ങൾ വോട്ട് രേഖപ്പെടുത്തും.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആർക്കൊക്കെ മത്സരിക്കാം?
35 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇതോടൊപ്പം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയുള്ളവരായിരിക്കണം സ്ഥാനാർത്ഥികൾ. സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശത്തിന്റെയോ വോട്ടർ ആയിരിക്കണം. സ്ഥാനാർത്ഥി പാർലമെന്റിന്റെ സഭയിലോ സംസ്ഥാന നിയമസഭയുടെയോ അംഗമാണെങ്കിൽ വിജയിച്ചതിന് ശേഷം തന്റെ അംഗത്വം ഉപേക്ഷിക്കേണ്ടിവരും.
Story Highlights: Election For Vice President To Be Held On August 6
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here