അടുത്ത ഐപിഎൽ ലക്ഷ്യം; മുംബൈ ഇന്ത്യൻസ് യുവതാരങ്ങൾ പരിശീലനത്തിനായി ഇംഗ്ലണ്ടിലേക്ക്

അടുത്ത ഐപിഎൽ സീസണിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് യുവതാരങ്ങൾ പരിശീലനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി തന്നെയാണ് ദേശീയ ടീമിൽ ഇതുവരെ കളിക്കാത്ത തങ്ങളുടെ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് സംഘത്തിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. (Mumbai Indians send uncapped Indians England)
തിലക് വർമ, കുമാർ കാർത്തികേയ, ഋതിക് ഷോകീൻ, രമൺദീപ് സിംഗ് തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് പോവുക. ഇംഗ്ലണ്ടിലുള്ള അർജുൻ തെണ്ടുൽക്കറും ഇവർക്കൊപ്പം ചേരും. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകൾക്കെതിരെ സംഘം 10 ടി-20 മത്സരങ്ങൾ കളിക്കും. അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പാണ് ടീമിൻ്റെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ മോശം പ്രകടനങ്ങളെ തുടർന്ന് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്ക് അടുത്ത സീസൺ ഏറെ നിർണായകമാണ്.
Read Also: ഇംഗ്ലണ്ടിനെതിരെ ഗില്ലിനൊപ്പം കെഎസ് ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും
ഇവർക്കൊപ്പം മായങ്ക് മാർക്കണ്ഡെ, രാഹുൽ ബുദ്ധി, അന്മോൾപ്രീത് സിംഗ്, ബേസിൽ തമ്പി, മുരുഗൻ അശ്വിൻ, ആര്യൻ ജുയാൽ, ആകാശ് മേധ്‌വാൽ, അർഷദ് ഖാൻ എന്നിവരിൽ ചിലരും ഈ സംഘത്തിനൊപ്പം ചേരുമെന്ന് സൂചനയുണ്ട്.
അതേസമയം, പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. മാർച്ചിലാണ് കൂടുതൽ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് ക്രിക്കറ്റ് ബോർഡുകൾ പോസിറ്റീവായാണ് പ്രതികരിച്ചത്.
ആറ് ടീമുകളുമായി ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം ഒരുക്കാൻ താത്പര്യമുണ്ടെന്നാണ് വിവരം.
Story Highlights: Mumbai Indians send uncapped Indians England
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here