എകെജി സെൻ്റർ ആക്രമണം; പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്ത് പ്രതിഷേധം. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ആക്രമണത്തിന് പിന്നിയിൽ കോൺഗ്രസാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ വഴിയിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഫ്ലെക്സുകൾ കീറി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പ്രവർത്തകർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി.
അതേസമയം എ.കെ.ജി സെൻ്ററിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ്. എകെജി സെന്‍ററിൽ ബോംബെറിയുമെന്ന് കോൺഗ്രസ് പ്രഖ്യപിച്ചിരുന്നു. പ്രവർത്തകർ പ്രകോപിതരാകരുതെന്നും, അനിഷ്ടസംഭവങ്ങൾ സൃഷ്ടിക്കരുതെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
നേരത്തെ എകെജി സെൻ്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആൻ്റണി രാജു പ്രതികരിച്ചു. ബോധപൂർവ്വം ദുഷ്ട ശക്തികൾ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകർക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ആൻ്റണി രാജു പറഞ്ഞു.
Story Highlights: AKG Center Attack DYFI protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here