യുഡിഎഫ് തന്ത്രത്തിൽ വീഴരുത്, സമാധാനപരമായി പ്രതിഷേധിക്കും: കോടിയേരി ബാലകൃഷ്ണൻ

എകെജി സെൻ്ററിൽ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ കലാപഭൂമിയാക്കി തീർക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ തുടർച്ചയാണ് എകെജി സെൻ്ററിന് നേരെയുണ്ടായ ആക്രമണമെന്നും കോടിയേരി ആരോപിച്ചു.
പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. പാർട്ടി ഓഫീസുകളെ ആക്രമിക്കുക, പാർട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലെയുള്ള മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങൾ വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. സംഭവത്തിന് പിന്നിലെ ഗുഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണം.
യുഡിഎഫ് ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കണം. മുഖ്യമന്ത്രിയെ ഉൾപ്പെടെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും അവർക്ക് ഒത്താശ ചെയ്യുകയും അത്തരക്കാരെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവർ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. ആക്രമണം സൃഷ്ടിച്ച് പ്രകോപനം ഉണ്ടാകാനുള്ള യുഡിഎഫ് തന്ത്രങ്ങളിൽ പാർട്ടിയെ സ്നേഹിക്കുന്നവർ കുടുങ്ങി പോകരുതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു.
Story Highlights: Don’t fall for UDF strategy, protest peacefully: Kodiyeri Balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here