പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിന് പുതിയ ക്യാപ്റ്റനായി; ഇംഗ്ലണ്ടിൽ ബട്ലർ യുഗാരംഭം

പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഇനി വിക്കറ്റ് കീപ്പർ ജോസ് ബട്ലർ നയിക്കും. മുൻ ക്യാപ്റ്റൻ ഓയിൻ മോർഗൻ രാജിവച്ചതോടെയാണ് ബട്ലറെ ക്യാപ്റ്റനായി നിയമിച്ചത്. ഓയിൻ മോർഗനു നന്ദി അറിയിക്കുന്നതായി ബട്ലർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോർഗൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. (jos buttler england captain)
“കഴിഞ്ഞ ഏഴ് വർഷത്തിൽ വളരെ ഗംഭീരമായ നായകത്വം കാഴ്ചവച്ച ഓയിൻ മോർഗനോടുള്ള ഹൃദയംഗമമായ നന്ദി ഞാൻ അറിയിക്കുന്നു. എല്ലാവർക്കും ഓർത്തിരിക്കുന്ന സമയമാണ്. അദ്ദേഹം വളരെ പ്രോത്സാഹിപ്പിക്കുന്ന നായകനാണ്. അദ്ദേഹത്തിനു കീഴിൽ കളിക്കാൻ സാധിച്ചത് ഏറെ മികച്ചതായിരുന്നു. അദ്ദേഹത്തിൽ നിന്ന് പഠിച്ച ഒട്ടേറെ കാര്യങ്ങൾ ഞാൻ ഉപയോഗിക്കും.”- ബട്ലർ പറഞ്ഞു.
Read Also: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ മാത്രം സഞ്ജുവിന് അവസരം; കിഷൻ ടി-20, ഏകദിന സ്ക്വാഡുകളിൽ
തുടർച്ചയായ പരുക്കും മോശം ഫോമും കാരണമാണ് മോർഗൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനാണ് മോർഗൻ. പരിമിത ഓവർ മത്സരങ്ങളിൽ ഇംഗ്ലണ്ടിൻ്റെ കളിശൈലിയെ മാറ്റിമറിച്ച മോർഗൻ ക്യാപ്റ്റനെന്ന നിലയിൽ മികച്ചുനിൽക്കുമ്പോഴും കഴിഞ്ഞ ഏതാനും വർഷങ്ങളായി അദേഹം മോശം ഫോമിലാണ്. നെതർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായ മോർഗൻ മൂന്നാമത്തെ ഏകദിനത്തിൽ വിട്ടുനിന്നു. മോശം ഫോമിനൊപ്പം ഫിറ്റ്നസ് പ്രശ്നങ്ങളും മോർഗനെ അലട്ടുന്നുണ്ട്. അവസാനത്തെ 28 ടി-20യിലും ഏകദിനങ്ങളിൽ നിന്നുമായി രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് മോർഗൻ നേടിയിട്ടുള്ളത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തി. അവസാനത്തെ രണ്ട് ടി-20കളിൽ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയർലൻഡിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റൺസ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കൾക്കുള്ള ടീമിലും ഉൾപ്പെട്ടു. അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു പരമ്പരയിൽ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയാസ് അയ്യർ സഞ്ജുവിനു പകരം ടീമിൽ ഇടം നേടി. ഇഷാൻ കിഷൻ മൂന്ന് ടി-20കൾക്കും മൂന്ന് ഏകദിനങ്ങൾക്കുമുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അയർലൻഡിനെതിരെ ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പോയ അർഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലായിൽ അവസാന ഏകദിനം കളിച്ച ഹാർദിക് ടീമിൽ തിരികെയെത്തി. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിൽ തിരികെവന്നു. ശിഖർ ധവാൻ ഏകദിന ടീമിലുണ്ട്.
Story Highlights: jos buttler england captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here