ആ രാത്രിയെ ഓര്‍മപ്പെടുത്തി അവരെഴുതി ‘ വര്‍ഗീയത തുലയട്ടെ’; അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വര്‍ഷം

മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യു ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വര്‍ഷം. അഭിമന്യു രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അര്‍ധരാത്രി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാരാജാസില്‍ ഒത്തുകൂടി. അഭിമന്യു കുത്തേറ്റു വീണ സ്ഥലത്തെ ചുവരില്‍ പ്രതീകാത്മകമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി. അഭിമന്യുവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും അഭിമന്യുവിന്റെ സഹപാഠികളും മെഴുകുതിരി തെളിച്ചു. രാത്രി വൈകി ഒരുമണിയോടെ നടന്ന ചടങ്ങില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത് ( Abhimanyu killed four years ).
വര്‍ഗീയതയ്ക്കും വലതുപക്ഷ നുണപ്രചാരണങ്ങള്‍ക്കുമെതിരെ വിദ്യാര്‍ത്ഥി പ്രതിരോധ സദസുകള്‍ സംഘടിപ്പിച്ചാണ് എസ്എഫ്‌ഐ ഇത്തവരണ അഭിമന്യു രക്തസാക്ഷി ദിനാചരണം നടത്തുന്നത്.
ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തില്‍ ഇടുക്കി വട്ടവടയില്‍ നിന്ന് എറണാകുളം മഹാരാജസ് കോളജിലെത്തിയ 19 വയസുകാരന്‍ വര്‍ഗീയത തുലയട്ടെ എന്നെഴുതി വച്ച ചുവരിന് മുന്നിലാണ് കുത്തേറ്റു മരിച്ചത്. കൈപിടിച്ച് കൂടെ നിന്നവന്‍ കണ്‍മുന്നില്‍ ഇല്ലാതായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിന് കുത്തേല്‍ക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി അര്‍ധ രാത്രിയില്‍ കോളജ് അലങ്കരിക്കുന്നതിനിടയിലുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പുറത്തു നിന്നുള്‍പ്പെടെ സംഘടിച്ചെത്തിയ ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. അഭിമന്യു കുത്തേറ്റ് തത്സമയം തന്നെ മരിക്കുകയായിരുന്നു. ഒപ്പം അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു.
കേസില്‍ ആകെ 27 പേരെയാണ് പൊലീസ് പ്രതിചേര്‍ത്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ 1 മുതല്‍ 16 വരെയുള്ള പ്രതികളാണെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. മഹാരാജാസ് കോളജ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി. കോളജിലെ ചുവരെഴുത്തിനെചൊല്ലി എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം, സംഘംചേര്‍ന്ന് മര്‍ദിക്കല്‍, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Story Highlights: It has been four years today since Abhimanyu was killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here