നഗരസഭാ ഓഫീസിൽ ഞായറാഴ്ച ജോലിക്കെത്തിയത് 90 ശതമാനം ജീവനക്കാർ; നന്ദി അറിയിച്ച് ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം നഗരസഭാ ഓഫീസിൽ ഞായറാഴ്ച ജോലിക്കെത്തിയ 90 ശതമാനം ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർ ഞായറാഴ്ച ജോലിക്കെത്താനുള്ള തീരുമാനത്തെ ഹൃദയപ്പൂർവമാണ് ഏറ്റെടുത്തതെന്ന് ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു. വരുംദിവസങ്ങളിലും ചുമതലപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ നേതൃത്വത്തിൽ ഫയൽ തീർപ്പാക്കൽ തുടരുമെന്ന് മേയർ വ്യക്തമാക്കി. ഞായറാഴ്ച്ച ഓഫീസ് പ്രവർത്തിക്കുന്ന ചിത്രങ്ങളും അവർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ( 90 percent of the employees came to work in the municipal office on Sunday; Arya Rajendran )
” സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഞായറാഴ്ചയും പ്രവർത്തിക്കണമെന്നുള്ള സർക്കാർ നിർദ്ദേശം തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർ ഹൃദയപ്പൂർവം ഏറ്റെടുത്തു. നഗരസഭ മെയിൻ ഓഫീസ്, 11 സോണൽ ഓഫീസുകൾ, സർക്കിൾ ഓഫീസുകൾ എല്ലാം തന്നെ പതിവുപോലെ തുറന്നു പ്രവർത്തിക്കുകയും, പൊതുജനങ്ങൾക്ക് സേവനം നൽകുകയും ചെയ്തു. 90% ജീവനക്കാരും ഇന്ന് ഓഫീസിൽ ഹാജരായി.
ഇന്നത്തെ അവധി ദിവസവും പ്രവർത്തിച്ചുകൊണ്ട് പരമാവധി ഫയലുകൾ തീർപ്പാക്കുന്നതിനാണ് നഗരസഭ കൗൺസിലും, സംഘടനയും തീരുമാനിച്ചത്. വരുംദിവസങ്ങളിൽ സോണൽ ഓഫീസുകൾ ഉൾപ്പെടെ ചുമതലപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ നേതൃത്വത്തിലും തുടർന്ന് മേയറുടെ നേതൃത്വത്തിലും ഫയൽ തീർപ്പാക്കൽ നടപടികൾ സ്വീകരിക്കും. സർക്കാരിനോടൊപ്പം ചേർന്നുനിന്നു കൊണ്ട് കുടിശ്ശികഫയൽ രഹിത നഗരസഭ എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
ഈ ലക്ഷ്യം പൂർത്തിയാക്കാൻ ജീവനക്കാരുടെ പൂർണ്ണമായ സഹകരണം ഉണ്ടാകുമെന്നതിന്റെ സൂചനയായി ഇന്നത്തെ പ്രവർത്തിദിവസം മാറി എന്നത് അങ്ങേയറ്റം അഭിന്ദനാർഹമായ കാര്യമാണ്. അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരായ മുഴുവൻ ജീവനക്കാരെയും നഗരവാസികൾക്ക് വേണ്ടി ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നമ്മുടെ നഗരത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനും ക്ഷേമത്തിനും വേണ്ടി നമുക്കൊരുമിച്ച് മുന്നേറാം”. – ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: 90 percent of the employees came to work in the municipal office on Sunday; Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here