Advertisement

‘പ്രസംഗം വളച്ചൊടിച്ചു’, ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് സജി ചെറിയാൻ

July 5, 2022
Google News 1 minute Read

വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തൻ്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന:

മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക – സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണുണ്ടായത്. നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന, എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

Story Highlights: Minister Saji Cherian explained the controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here