Advertisement

സജി ചെറിയാൻ എയറിലാവുന്നത് ഇതാദ്യമല്ല; മന്ത്രിയെ കുരുക്കിലാക്കിയ 5 വിവാദങ്ങൾ

July 5, 2022
Google News 2 minutes Read
Minister Saji Cherian's Controversial Remarks

ഇന്ത്യൻ ഭരണഘടനയെപ്പറ്റി മോശം പരാമർശം നടത്തി പുലിവാലു പിടിച്ച മന്ത്രി സജി ചെറിയാൻ ഇതാദ്യമായല്ല വിവാദ പരാമർശം നടത്തി എയറിലാവുന്നത്. ഇതിന് മുമ്പ് പലതവണ അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചിട്ടുണ്ട്. പല വിഷയങ്ങളിലും നിലപാട് തിരുത്തി അദ്ദേഹം തലയൂരിയിട്ടുമുണ്ട്.

  1. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദത്തുനൽകിയ സംഭവത്തിലെ പരാമർശം

കുട്ടിയെ തട്ടിക്കൊണ്ടുപോയി ദത്തുനൽകിയ സംഭവത്തിലെ പരാതിക്കാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ​ പരാമർശം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ”കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതു പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ കുട്ടിയെയാണ് പ്രേമിക്കുന്നത്, ഇതു ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോകുന്നു. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പമാണ് അവൾ പോയത്. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്”. – ഇത്തരത്തിലായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. മന്ത്രി വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂർക്കട പൊലീസിൽ അന്ന് അനുപമ പരാതി നൽകിയിരുന്നു.

  1. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ലിയു.സി.സിക്കെതിരെ നടത്തിയ പരാമർശം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട ഡബ്ലിയു.സി.സിക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങളും വിവാദ​മായിരുന്നു. ” ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പുറത്തുവിടാത്തത്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണ്. റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെത് ”. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രി ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

  1. സിൽവർ ലൈൻ സമരത്തിൽ തീവ്രവാദ സംഘടനയുണ്ടെന്ന പരാമർശം

സിൽവർ ലൈൻ സമരത്തിൽ തീവ്രവാദ സംഘടന ആളുകളെ ഇളക്കിവിടുകയാണെന്നും സർവേ കല്ല് പിഴുത് മാറ്റിയാൽ വിവരം അറിയുമെന്നും വിളിച്ചുപറഞ്ഞ് മന്ത്രി വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ” തീവ്രവാദ സംഘടന ആളുകളെ ഇളക്കിവിടുകയാണ്. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. സിൽവർ ലൈന് എതിരായ ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാക്കുന്നു. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. സർവേ കല്ല് പിഴുത് മാറ്റിയാൽ വിവരം അറിയും. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്”. ഇങ്ങനെയായിരുന്നു മന്ത്രിയുടെ പരാമർശം.

  1. കെ-റെയിൽ സമരക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന പരാമർശം

കെ-റെയിൽ സമരക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞും മന്ത്രി സജി ചെറിയാൻ വിവാദമുണ്ടാക്കിയിരുന്നു. മുൻനിര കാർ, ടയർ സ്‌പെയർ പാർട്‌സ് നിർമ്മാതാക്കൾ വൻതോതിൽ സമരക്കാർക്ക് പണം നൽകുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

  1. സിൽവർ ലൈനിൽ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണം

സിൽവർ ലൈനിൽ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണം നടത്തിയും മന്ത്രി സജി ചെറിയാൻ സർക്കാരിനെ വെട്ടിലാക്കിയിരുന്നു. അക്കിടി മനസിലാക്കിയതോടെ ബഫർ സോൺ വിഷയത്തിൽ അദ്ദേഹം പരാമർശം തിരുത്തിയാണ് തലയൂരിയത്. ബഫർ സോണുണ്ടെന്ന് പാർട്ടി സെക്രട്ടറി കോടിയേരി പറഞ്ഞത് അം​ഗീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ തന്റെ ഭാ​ഗത്തു നിന്നാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.

Story Highlights: Minister Saji Cherian’s Controversial Remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here