കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 14.5 കോടി: വീണാ ജോര്‍ജ്

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്ക് 2 കോടി, ആശുപത്രി ഉപകരണങ്ങള്‍ക്ക് 5 കോടി, ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടിയ്ക്ക് 67 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാന്‍സര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ക്ക് 6 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്.
കൊച്ചിന്‍ കാന്‍സര്‍ സെന്ററിനെ മറ്റ് കാന്‍സര്‍ സെന്ററുകളെ പോലെ വിപുലമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2023 അവസാനത്തോടെ കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വലിയ സൗകര്യങ്ങള്‍ ഒരുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സ്റ്റാന്‍ഡ്‌ബൈ അനസ്‌തേഷ്യ മെഷീന്‍, 2 പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് മെഷിന്‍, 3 മള്‍ട്ടി മോണിറ്ററുകള്‍, കോഗുലേഷന്‍ അനലൈസര്‍, ഓപ്പറേഷന്‍ തീയറ്റര്‍ ഉപകരണങ്ങള്‍, മൈക്രോസ്‌കോപ്പ്, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, സി ആം തുടങ്ങിയ ഉപകരണങ്ങളാണ് പുതുതായി സജ്ജമാക്കുന്നത്.
കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ഇതിന്റെ ഭാഗമായി 6 പുനരധിവാസ ക്ലിനിക്കുകള്‍ സ്ഥാപിച്ചു. സ്റ്റോമ ക്ലിനിക്, ലിംഫഡീമ ക്ലിനിക്, സ്പീച്ച് ആന്റ് സ്വാളോയിങ് ക്ലിനിക്, പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്, പുകയില വിരുദ്ധ ക്ലിനിക്, കാന്‍സര്‍ രോഗികള്‍ക്കുള്ള ബോധവത്ക്കരണ ക്ലിനിക് എന്നിവയാണവ. കഴിഞ്ഞ വര്‍ഷം 1108 കാന്‍സര്‍ രോഗികളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. 1959 പേര്‍ക്ക് കീമോ തെറാപ്പി നല്‍കി. മെഡിക്കല്‍ റോക്കോര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. 300ലധികം രോഗകള്‍ക്ക് മാമോഗ്രാമും, 500ലധികം പേര്‍ക്ക് അല്‍ട്രാസൗണ്ട് സ്‌കാനിംഗും, 230 മേജര്‍ സര്‍ജറികളും നടത്തി.
Story Highlights: 14.5 crore for the development of Cochin Cancer Center: Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here