Advertisement

സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

July 6, 2022
Google News 2 minutes Read

ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്.
അതേസമയം, സംഭവത്തില്‍ മന്ത്രിസ്ഥാനം സജി ചെറിയാന്‍ രാജിവച്ചു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു ( Court orders case against Saji cheriyan ).

മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. എകെജി സെന്ററില്‍ ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടന്‍ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയില്‍ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഐഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.

മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയിലാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു പ്രസ്താവന.

‘ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹര ഭരണഘടനയെന്ന് ഞാന്‍ പറയും’… എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

പ്രസംഗം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും നിയമ വിദഗ്ധരും രംഗത്തെത്തി. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇതിനുപിന്നാലെ പ്രസംഗത്തെ ന്യായീകരിച്ച് സജി ചെറിയാന്‍ തന്നെ രംഗത്തെത്തി. നിയമസഭയില്‍ വിശദീകരണം നടത്തിയ സജി ചെറിയാന്‍ പറഞ്ഞത് തന്റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത്. ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതില്‍ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

Story Highlights: Court orders to take case against Saji cheriyan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here