Advertisement

സജി ചെറിയാന്റെ രാജി; സാംസ്കാരിക നായകരെ പരിഹസിച്ച് വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

July 7, 2022
3 minutes Read
Resignation of Saji Cheriyan; VT Balram's Facebook post
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചതോടെ സാംസ്കാരിക നായകരെ പരിഹസിച്ച് വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സാംസ്കാരിക നായകരെ പരാദജീവികളെന്നാണ് ബൽറാം വിശേഷിപ്പിച്ചിരിക്കുന്നത്. ( Resignation of Saji Cheriyan; VT Balram’s Facebook post )

“സാംസ്ക്കാരിക നായകർ” എന്ന പതിവ് കാറ്റഗറിയിൽപ്പെട്ട ആരുടേയും ശബ്ദമുയരാതെ തന്നെ ഒരു സാംസ്ക്കാരിക മന്ത്രിയെ പുറത്താക്കിക്കാൻ കഴിഞ്ഞു എന്നതാണ് ഈ രാജിയുടെ ഏറ്റവും വലിയ പ്രത്യേകത. അവാർഡും അക്കാദമി അംഗത്വവും പരിപാടിക്കുള്ള ടിഎയുമൊക്കെയായി ആ വക പരാദജീവികൾ ഹാപ്പിയായിത്തന്നെ ഇരിക്കട്ടെ. – വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരം.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയാണ് സജി ചെറിയാനുണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജി വയ്ക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

Read Also: സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവക്കണം: കെ.സുരേന്ദ്രന്‍

അതേസമയം, ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു.

മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. എകെജി സെന്ററില്‍ ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടന്‍ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയില്‍ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഐഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനമുണ്ടായത്.

Story Highlights: Resignation of Saji Cheriyan; VT Balram’s Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement