ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണവും പൂർത്തിയാക്കി നാവിക സേന

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് വരുന്ന ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. കൊച്ചി കപ്പൽ നിര്‍മ്മാണ ശാലയിൽ നിര്‍മ്മിച്ച യുദ്ധക്കപ്പലിന്റെ നാലാം ഘട്ട പരീക്ഷണം ഇന്ന് പൂർത്തിയാക്കി. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം.
നാവിക സേനയുടെ നിലവിലെ വിമാന വാഹിനി കപ്പലായ ഐഎന്‍ എസ് വിക്രമാദിത്യക്ക് കരുത്തു പകരുകയാണ് ദൗത്യം. 30 യുദ്ധ വിമാനങ്ങളും 1500 സേനാംഗങ്ങളേയും വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്‍റെ ഡെക്കിന്‍റെ വിസ്തീര്‍ണ്ണം രണ്ടര ഏക്കറാണ്. കടലിലൂടെയുള്ള പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് വിക്രാന്ത് സേനയുടെ ഭാഗമാകാന്‍ സജ്ജമാകുന്നത്. ചൈനയുടേയും പാകിസ്താന്‍റേയും ഭീഷണിയെ നേരിടാന്‍ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുകയെന്ന പ്രതിരോധ തന്ത്രത്തിന്‍റെ ഭാഗമായാണ് വിക്രാന്തിന്‍റെ നിര്‍മ്മാണം.
ഐഎൻഎസ് വിക്രാന്തിൽ 76 ശതമാനവും ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയിൽ ലഭ്യമായതും നിർമ്മിച്ചതുമായ ഉപകരണങ്ങളാണ്. 2021 ആഗസ്റ്റിലാണ് നീറ്റിലിറക്കിയ ശേഷമുള്ള ആദ്യ പരീക്ഷണം നടന്നത്. രണ്ടാം ഘട്ടം ഒക്ടോബറിലും മൂന്നാം ഘട്ടം ഈ വർഷം ജനുവരിയി ലുമാണ് നടന്നത്. വിമാനവാഹിനിയിലെ തോക്കുകൾ, മിസൈലുകൾ, വൈദ്യുത സാങ്കേതിക സംവിധാനങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, കടലിൽ ദിശ മനസ്സിലാക്കാനുള്ള നാവിഗേഷൻ സംവിധാനങ്ങൾ എല്ലാം വിവിധ മേഖലകളിലേയ്‌ക്ക് കപ്പൽ എത്തിച്ചുകൊണ്ട് പരിശോധിച്ചു. കടലിൽ അതിവേഗത്തിലും കപ്പൽ ഓടിച്ചതായും നാവിക സേന അറിയിച്ചു.
Read Also: രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി ; ഐ എൻ എസ് വിക്രാന്ത് ട്രയൽ റണ്ണിനായി കടലിലിറക്കി
കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിക്രാന്ത് നാവികസേനയ്ക്കൊപ്പം ചേരുമ്പോൾ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഒപ്പം കൊച്ചി കപ്പല്‍ശാലയും ഇടം പിടിക്കും.
Story Highlights: INS Vikrant successfully completes 4th phase of sea trials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here