Advertisement

‘പള്‍സര്‍ സുനിയുടെ കത്തും ഫോണ്‍വിളിയും സംശയാസ്പദം’; ഫോണ്‍ കടത്തിക്കൊണ്ടുവന്നത് പൊലീസുകാരനെന്ന് ആര്‍.ശ്രീലേഖ

July 10, 2022
3 minutes Read
r sreelekha ips about pulsar suni in dileep case

നടിയെ ആക്രമിച്ച കേസ് പ്രതി പള്‍സര്‍ സുനി ജയിലില്‍ ഇരുന്നെഴുതിയ കത്തും ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതും പുതിയ വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. ജയിലിലേക്ക് സുനിക്ക് വേണ്ടി ഒരു പൊലീസുകാരനാണ് ഫോണ്‍ കടത്തിക്കൊടുത്തതെന്ന് ശ്രീലേഖ ഐപിഎസ് പറഞ്ഞു. സര്‍ക്കാര്‍ ജോലിയിലിരിക്കുന്നയാള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. അതിനാലാണ് ഇക്കാര്യങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും പലതും വിശദമായി അന്വേഷിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ലെന്നും അവര്‍ പറഞ്ഞു.(r sreelekha ips about pulsar suni in dileep case)

‘ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി തിരികെ വരുമ്പോഴെല്ലാം പ്രതികളുടെ ശരീരം വിശദമായി പരിശോധിക്കാറുണ്ട്. പലപ്പോഴും വസ്ത്രമഴിച്ച് തന്നെയാണ് പരിശോധിക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ ജയിലിലേക്ക് ഫോണ്‍ എത്തിക്കുന്നത് നടക്കാത്ത കാര്യമാണ്. ഷൂവിന്റെ അകത്താണെങ്കില്‍ ഫോണ്‍ കടത്തിയെന്ന് പറയാം. എന്നാല്‍ ചെരുപ്പിന്റെ അകത്ത് ഒരിക്കലും ഫോണ്‍ ഒളിപ്പിച്ചുകൊണ്ടുവരാന്‍ പറ്റില്ല. അതൊക്കെ വിശദമായി പരിശോധിക്കും.

വിഡിയോ കാമറയില്‍ പരിശോധിച്ചപ്പോള്‍, പള്‍സര്‍ സുനി ഫോണ്‍ ചെയ്യുന്നതും അതിന്റെ ഫഌഷും ഒക്കെ കണ്ടതാണ്. മുഴുവന്‍ നുണ പറയുന്ന ആളാണ് പള്‍സര്‍ സുനി. സുനിയെയും സഹതടവുകാരനെയും ജയിലില്‍ നിന്ന് കൊണ്ടുപോകുകയും തിരികെയെത്തിക്കുകയും ചെയ്ത ഒരു പൊലീസുകാരന്‍ ജയിലിന്റെ ഗേറ്റ് കടന്നും അകത്തേക്ക് വന്നിട്ടുണ്ട്. സുനിയുമായി രഹസ്യമായി സംസാരിക്കുന്നതും എന്തോ കൈമാറുന്നതും പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ ഇത് വിഡിയോയിലുണ്ടായിരുന്നു. ആ പൊലീസുകാരനായിരിക്കണം ഫോണ്‍ കടത്തിക്കൊടുത്തത് എന്നാണ് ഞങ്ങള്‍ അനുമാനിച്ചത്. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ഡിജിപിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണം എവിടെയത്തിയെന്ന് വ്യക്തമല്ല.

ഇതൊക്കെ ഞാന്‍ ഇപ്പോള്‍ പറയുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്ക് തോന്നാം. ഒരു സര്‍ക്കാര്‍ ജോലിയിലിരിക്കുന്നയാള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. അറിയിക്കേണ്ട കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. പല പരാതികളും ഉയര്‍ത്തിയപ്പോള്‍, ചൂടായിട്ടാ
ണ് എന്നോടും പ്രതികരിച്ചിട്ടുള്ളത്.

Read Also: നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്; വെളിപ്പെടുത്തലുകളുമായി ആര്‍.ശ്രീലേഖ ഐപിഎസ്

ഏപ്രിലില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെഴുതി എന്നൊരു കത്ത് പുറത്തുവന്നു. അത് സഹതടവുകാരന്റെ കയ്യെഴുത്തായിരുന്നു. ജയിലുകളില്‍ മേസ്തിരി എന്നൊരു സംവിധാനമുണ്ട്. അയാളെക്കൊണ്ടാണ് (വിപിന്‍ലാല്‍) കത്തെഴുതിച്ചത്. ജയിലില്‍ നിന്നെഴുതുന്ന കത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ വായിച്ചുനോക്കിയിട്ടാണ് പോസ്റ്റ് ചെയ്യുന്നത്. രഹസ്യമായി കത്തെഴുതുന്ന പരിപാടി ജയിലില്‍ നടക്കില്ല.

ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണിത് എന്നാണ് അപ്പോള്‍ പുറത്തുവന്ന വാര്‍ത്ത. കത്തിലെ പലകാര്യങ്ങളും അപഹാസ്യമായിട്ടാണ് തോന്നിയത്. ഒരു നടനെ വെറുതെ അങ്ങ് അറസ്റ്റ് ചെയ്യാനാകില്ലല്ലോ. പത്രങ്ങളിലൂടെയൊക്കെ അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്താന്‍ എളുപ്പമുള്ള കാര്യമാണ്. രണ്ട് പേരെ സ്വാധീനിച്ചാല്‍ സുഖമായി ഇങ്ങനെ ഒരു വ്യക്തിക്കെതിരെ എഴുതാനാകും. ഒരിക്കല്‍ എഴുതിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ അതങ്ങനെ പോകും. എല്ലാവരെയും നിയന്ത്രിക്കാനാകുന്ന മിഡിയമാണ് ഇന്ന് മാധ്യമങ്ങളില്‍’. ആര്‍ ശ്രീലേഖ വ്യക്തമാക്കി.

Story Highlights: r sreelekha ips about pulsar suni in dileep case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top