Advertisement

എം.എസ്.ഗോള്‍വള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുന്ന വി.ഡി.സതീശന്‍; ചിത്രം പുറത്തുവിട്ട് ആര്‍.വി.ബാബു

July 10, 2022
3 minutes Read

എം.എസ്.ഗോള്‍വള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുന്ന വി.ഡി.സതീശന്റെ ചിത്രം പുറത്തുവിട്ട് ഹിന്ദുഐക്യ വേദി നേതാവ് ആര്‍.വി.ബാബു. 2006ലെ ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് സതീശന്റെ പുതിയ നീക്കമെന്ന് ആര്‍.വി.ബാബു കുറ്റപ്പെടുത്തി ( VD Satheesan lighting a lamp in front of m s golwalkar picture ).

അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല, രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടക്കിടെ ആര്‍എസ്എസിനെ ആക്രമിക്കുന്നുവെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി.ബാബു കുറിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഗോള്‍വള്‍ക്കര്‍ പരാമര്‍ശത്തില്‍ ആര്‍എസ്എസ് നിയമനടപടിക്കൊരുങ്ങുന്നു. സതീശന്‍ പരാമര്‍ശം പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീല്‍ നോട്ടീസ് അയക്കും. മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം എം.എസ്.ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയില്‍ ഉണ്ടെന്നായിരുന്നു വി.ഡി.സതീശന്റെ പരാമര്‍ശം. പ്രസ്താവനയില്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വി.ഡി.സതീശന് നോട്ടീസ് നല്‍കിയെങ്കിലും അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച നോട്ടീസ് വിചിത്രമാണ്. ആര്‍എസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമര്‍ശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350ാം പേജിലാണ് ഇത് സൂചിപ്പിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു ഇന്നലെ നോട്ടീസ് അയച്ചത്. ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് സതീശന് നോട്ടീസ് അയച്ചത്.

ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസ്‌കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ ഇല്ലെന്നാണ് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നത്.

ബഞ്ച് ഓഫ് തോട്ട്‌സില്‍ എവിടെയാണ് സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകളുള്ളതെന്ന് സതീശന്‍ വ്യക്തമാക്കണം. അതിന് കഴിയില്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് തള്ളുന്ന നിലപാടാണ് വി.ഡി.സതീശന്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്.

Story Highlights: ( VD Satheesan lighting a lamp in front of m s golwalkar picture )

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top