ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ പതിനെട്ടടവും പയറ്റി ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ പതിനെട്ടടവും പയറ്റി ബിജെപി. ഏഴ് സ്വാധീന മണ്ഡലങ്ങിൽ കേന്ദ്രമന്ത്രിമാർ താഴെത്തട്ടിൽ സജീവമായിക്കഴിഞ്ഞു. ബൂത്ത് തലം മുതൽ ഈ മണ്ഡലങ്ങളിൽ നേതൃനിര ശക്തിപ്പെടുത്തുകയാണ് ആദ്യഘട്ടം. സന്ദർശന റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയ ശേഷമാകും തുടർ പദ്ധതികൾ ആസൂത്രണം ചെയ്യുക ( Lok Sabha elections bjp Kerala ).
ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ മുൻപേ മിഷൻ കേരള തന്ത്രങ്ങളുമായിറങ്ങുകയാണ് ബിജെപി. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള വിദേശകാര്യന്ത്രി എസ്.ജയശങ്കർ, പത്തനംതിട്ട ചുമതലയുള്ള ശോഭാ കരന്തലജെ, പാലക്കാടിന്റെ ചുമതലയുള്ള ഭഗവന്ത് ഖുബ എന്നിവർ താഴെത്തട്ടിൽ ഇറങ്ങിക്കഴിഞ്ഞു. തൃശൂർ ചാർജ്ജുള്ള അശ്വിനികുമാർ ചൗബേയടക്കം വരാനിരിക്കുന്നു. ഒരു ദിവസം പെട്ടെന്നെത്തി റാലി സംഘടിപ്പിച്ച് പോകലല്ല ഇത്തവണ. ബൂത്തുകളിലേക്കാണ് മന്ത്രിമാരുടെ യാത്ര. കേന്ദ്ര സർക്കാർ പദ്ധതികളുട ഗുണഭോക്താക്കൾ, സ്ത്രീ വോട്ടർമാർ, യുവവോട്ടർമാർ, പൗരപ്രമുഖർ അടക്കമുള്ളവരുമായി അടുത്തിടപഴകുകയാണ് ലക്ഷ്യം. വേണമെങ്കിൽ ജയിക്കാമെന്ന സംസ്ഥാനത്തെ പാർട്ടി റിപ്പോർട്ടുകളുടെ നിജസ്ഥിതി ഇതിലൂടെ വ്യക്തമാകും.
അതേസമയം മന്ത്രിമാർ ആദ്യഘട്ട സന്ദർശന റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയ ശേഷമാകും തുടർ പദ്ധതികൾ ആസൂത്രണം ചെയ്യുക. മാത്രമല്ല ചർച്ചകളിൽ താഴെത്തട്ടിലെ പാർട്ടി അംഗങ്ങളിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് സ്ഥാനാർത്ഥി നിർണയത്തിലടക്കം പരിഗണിക്കാനും സാധ്യതയുണ്ട്. ഹൈദരാബാദിലെ ദേശീയ എക്സിക്യൂട്ടിവിന് ശേഷം ദക്ഷിണേന്ത്യ പിടിക്കൽ എന്ന പാർട്ടി ആഹ്വാനം ഗൗരവത്തോടെ നടപ്പാക്കുകയാണ് ബിജെപി.
Story Highlights: BJP to gain advantage in Lok Sabha elections in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here